ഭോപ്പാൽ: ഇൻസ്റ്റാഗ്രാം റീൽസിലൂടെ വൻതോതിൽ സ്വർണ്ണാഭരണങ്ങൾ പ്രദർശിപ്പിച്ച് രണ്ടു ദിവസത്തിന് ശേഷം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വീട്ടിൽ വൻ കവർച്ച. മധ്യപ്രദേശിലെ ശിവ്പുരി (Shivpuri) ജില്ലയിലെ മോഹനി ഖ്യാവ്ഡ ഗ്രാമത്തിലാണ് സംഭവം (Rachna Gurjar robbery case). പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ രചന ഗുർജാറിന്റെ (Rachna Gurjar) വീട്ടിൽ നിന്നാണ് ഏകദേശം 7 മുതൽ 8 ലക്ഷം രൂപ വരെ വിലമതിക്കുന്ന പണവും സ്വർണ്ണ-വെള്ളി ആഭരണങ്ങളും കവർന്നത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. രചനയും ഭർത്താവ് ഉദൽ സിംഗ് ഗുർജാറും കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുമ്പോൾ മതിൽക്കെട്ടിലെ ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കൾ അകത്തുകയറിയത്. തുടർന്ന് ദമ്പതികളുടെ കിടപ്പുമുറി പുറത്തുനിന്ന് പൂട്ടിയ ശേഷമായിരുന്നു കവർച്ച. വീട്ടിലെ സിസിടിവി ക്യാമറകളുടെ ദിശ മുകളിലേക്ക് മാറ്റിവെച്ച ശേഷമാണ് ഇവർ അലമാരകളും പൂട്ടുകളും തകർത്തത്.
1.91 ലക്ഷം രൂപ ഒപ്പം സ്വർണ്ണ മംഗലസൂത്രം, നാല് സ്വർണ്ണ മോതിരങ്ങൾ, വെള്ളിയരഞ്ഞാണം എന്നിവയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടാക്കൾ കവർന്നു. കവർച്ചയ്ക്ക് ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന എനർജി ഡ്രിങ്കുകളുടെ ഒരു പെട്ടിയും എടുത്താണ് മോഷ്ടാക്കൾ കടന്നുകളഞ്ഞത്. പുലർച്ചെ നാലുമണിയോടെ രചന ഉണർന്നപ്പോഴാണ് കിടപ്പുമുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടിലെ മറ്റ് അംഗങ്ങളെ വിവരമറിയിച്ച് നടത്തിയ പരിശോധനയിലാണ് കവർച്ചാ വിവരം പുറത്തറിയുന്നത്.
View this post on Instagram
തന്റെ ആഡംബര ജീവിതവും ആഭരണങ്ങളും ഉൾപ്പെടുത്തിയുള്ള വിഡിയോകൾ രചന സ്ഥിരമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. കവർച്ച നടക്കുന്നതിന് രണ്ടുദിവസം മുൻപും ഇത്തരത്തിൽ കനത്ത സ്വർണ്ണാഭരണങ്ങൾ കാണിച്ചുകൊണ്ടുള്ള റീലുകൾ ഇവർ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ സോഷ്യൽ മീഡിയ പോസ്റ്റുകളും കവർച്ചയും തമ്മിൽ നേരിട്ട് ബന്ധമുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ നർവാർ (Narwar) പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

