ഛത്തർപൂർ: ദീർഘനാളായുള്ള കുടുംബവഴക്കിനെ തുടർന്ന് മധ്യപ്രദേശിലെ ഛത്തർപൂരിൽ യുവതി ഭർത്താവിനെ അടിച്ചുകൊന്നു (Chhatarpur murder case). ഛത്തർപൂരിലെ ശിവനഗർ കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അങ്കോർ ഗ്രാമവാസിയായ ദീൻദയാൽ കുശ്വാഹ (32) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതിയായ ഭാര്യ നീലം കുശ്വാഹ പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു.
വർഷങ്ങളായി ഇരുവരും തമ്മിൽ നിലനിന്നിരുന്ന കടുത്ത തർക്കമാണ് ഒടുവിൽ ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. എട്ട് വർഷം മുൻപായിരുന്നു ദീൻദയാലിന്റെയും നീലത്തിന്റെയും വിവാഹം കഴിഞ്ഞത്. എന്നാൽ ദാമ്പത്യ പ്രശ്നങ്ങൾ കാരണം കഴിഞ്ഞ നാല് വർഷമായി ഇവർ വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. നീലം സ്വന്തം മാതാപിതാക്കളുടെ വീട്ടിലായിരുന്നു താമസം. ഇരുവരുടെയും വിവാഹമോചനക്കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ഈ വരുന്ന ജൂൺ 13-ന് കേസ് കോടതി വീണ്ടും വാദം കേൾക്കാനിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചത്.
തന്റെ വീട്ടിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ട് ദീൻദയാൽ സ്ഥിരമായി നീലത്തിന്റെ കുടുംബവീട്ടിൽ വന്ന് വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സംഭവദിവസവും ഇയാൾ കടുത്ത മദ്യലഹരിയിലാണ് നീലത്തിന്റെ വീട്ടിലെത്തിയത്. തുടർന്ന് നീലവുമായി വാക്കുതർക്കത്തിലേർപ്പെടുകയും അവളെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇതിൽ സഹികെട്ട നീലം പ്രതിരോധിച്ച് തിരിച്ചടിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു. നീലത്തിന്റെ മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ ദീൻദയാൽ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയും കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Story Summary: A 32-year-old man, Deendayal Kushwaha, was beaten to death by his estranged wife, Neelam Kushwaha, during a domestic dispute in Chhatarpur, Madhya Pradesh. The incident occurred when the deceased arrived heavily drunk at his wife’s parental home and assaulted her, leading to her retaliating in self-defense before surrendering to the police.

