മുംബൈ: ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് പ്രമുഖ ബാറ്റർ സൂര്യകുമാർ യാദവിനെ മാറ്റാൻ ബിസിസിഐ ഒരുങ്ങുന്നതായി സൂചന (BCCI Sacks Suryakumar Yadav India T20I Captain). വാർത്താ ഏജൻസിയായ പിടിഐ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഈ നിർണായക തീരുമാനം സെലക്ഷൻ കമ്മിറ്റിയും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ഒരേ സ്വരത്തിൽ ബിസിസിഐ അപെക്സ് കൗൺസിലിനെ അറിയിക്കും. കഴിഞ്ഞ 18 മാസത്തോളമായി അന്താരാഷ്ട്ര തലത്തിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സൂര്യകുമാറിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുക മാത്രമല്ല, ടി20 ടീമിന്റെ ഭാവി പദ്ധതികളിൽ നിന്ന് പോലും പൂർണ്ണമായി ഒഴിവാക്കാനാണ് സെലക്ടർമാരുടെ തീരുമാനം. ഫോമിലേക്ക് തിരിച്ചെത്താൻ ഐപിഎൽ കഴിയുന്നത് വരെ കാത്തിരുന്നെങ്കിലും റൺസ് കണ്ടെത്താനാകാതെ താരം കടുത്ത ഫോം ഔട്ടിലായതാണ് ബിസിസിഐയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.
സൂര്യകുമാറിന് പകരക്കാരനായി ടീമിനെ നയിക്കാൻ ഏകദിന ടീം വൈസ് ക്യാപ്റ്റനായ ശ്രേയസ്സ് അയ്യർ, യുവ മധ്യനിര ബാറ്റർ തിലക് വർമ്മ എന്നിവരുടെ പേരുകളാണ് സെലക്ടർമാർ പ്രധാനമായും പരിഗണിക്കുന്നത്. നിലവിൽ ട്വന്റി20 ടീമിൽ സ്ഥിരാംഗമല്ലെങ്കിലും 2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച പരിചയസമ്പത്താണ് ശ്രേയസ് അയ്യർക്ക് അനുകൂലമായ ഘടകം. എന്നാൽ പ്രായവും നിലവിലെ ടീമിലെ സ്ഥിരതയും കണക്കിലെടുക്കുമ്പോൾ തിലക് വർമ്മയെ നായകനാക്കണമെന്ന ശക്തമായ വാദവും സെലക്ഷൻ കമ്മിറ്റിയിലുണ്ട്. തിലകിന്റെ നേതൃപാടവം പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് അടുത്തിടെ താരത്തെ ഇന്ത്യ ‘എ’ ടീമിന്റെ നായകനായി നിയമിച്ചിരുന്നത്. മുൻപ് കൊൽക്കത്ത ടീമിൽ ഒപ്പമുണ്ടായിരുന്ന ശ്രേയസ്സുമായി ഗൗതം ഗംഭീറിനുള്ള ചില അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാൽ പുതിയ ക്യാപ്റ്റനെ നിശ്ചയിക്കുന്നതിൽ ഗംഭീറിന്റെ നിലപാട് അതീവ നിർണായകമാകും.
അതേസമയം, മലയാളി സൂപ്പർ താരവും ട്വന്റി20 ലോകകപ്പ് ഹീറോയുമായ സഞ്ജു സാംസണെ ഇന്ത്യൻ ക്യാപ്റ്റനാക്കണമെന്ന താല്പര്യമാണ് മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനുള്ളതെന്നാണ് ക്രിക്കറ്റ് വൃത്തങ്ങളിൽ നിന്നുള്ള സൂചന. എന്നാൽ സഞ്ജുവിന്റെ കരിയറിലെ സ്ഥിരതയില്ലായ്മ ചൂണ്ടിക്കാട്ടി സെലക്ഷൻ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ ഈ നീക്കത്തെ ശക്തമായി എതിർക്കുന്നുണ്ട്. മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷൻ, നിലവിലെ വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേൽ എന്നിവരുടെ പേരുകളും ചർച്ചകളിലുണ്ടെങ്കിലും ക്യാപ്റ്റൻ പദവിയിലേക്ക് ഇവർക്ക് സാധ്യത കുറവാണ്. വരാനിരിക്കുന്ന ജൂൺ 26-നാണ് ഇന്ത്യയുടെ അയർലൻഡ് പര്യടനം ആരംഭിക്കുന്നത്. 2028-ലെ ട്വന്റി20 ലോകകപ്പും ലോസ് ആഞ്ചലസ് ഒളിമ്പിക്സും ലക്ഷ്യമിട്ട് ടീമിനെ പുനർനിർമ്മിക്കുക എന്ന വലിയ ദൗത്യമാണ് ബിസിസിഐക്ക് മുന്നിലുള്ളത്.
Summary: The BCCI is reportedly planning to replace Suryakumar Yadav as India’s T20I captain ahead of the upcoming tours of Ireland and England due to his prolonged poor form over the last 18 months. Shreyas Iyer and young batsman Tilak Varma are emergence as the top two contenders for the leadership role under head coach Gautam Gambhir. While Gambhir personally favors Kerala star Sanju Samson for the captaincy, the selection committee remains hesitant due to consistency concerns.

