വാഷിങ്ടൺ: അമേരിക്ക-മെക്സിക്കോ അതിർത്തി നഗരമായ സാൻ ഡീഗോയിൽ ഹോൾസെയിൽ കടയുടെ മറവിൽ പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ യുഎസ് അന്വേഷണ ഏജൻസികൾ തകർത്തു (US Mexico Border Secret Drug Tunnel). ‘ബൈ ഫോർ ലെസ്’ എന്ന പേരിൽ സാധാരണ ഗോഡൗൺ കണക്കെ പ്രവർത്തിച്ചിരുന്ന ഒരു കട കേന്ദ്രീകരിച്ച് നടത്തിയ വൻ റെയ്ഡിലാണ് അന്താരാഷ്ട്ര വിപണിയിൽ 45 മില്യൺ ഡോളറിലധികം (ഏകദേശം 375 കോടിയിലധികം രൂപ) വിലമതിക്കുന്ന 1,029 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അമേരിക്കക്കാരും രണ്ട് മെക്സിക്കൻ സ്വദേശികളും ഉൾപ്പെടെ നാല് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തു നിന്ന് അറസ്റ്റ് ചെയ്തു. ഒറ്റനോട്ടത്തിൽ ആൾത്തിരക്കില്ലാത്ത ഒരു സാധാരണ കടയായി തോന്നുമെങ്കിലും 2005 മുതൽ യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കർശന നിരീക്ഷണത്തിലായിരുന്നു ഈ കേന്ദ്രം.
കടയ്ക്കുള്ളിലെ സ്റ്റോറേജ് റൂമിന്റെ തറയ്ക്കടിയിൽ അതീവ രഹസ്യമായി നിർമ്മിച്ച ഹൈഡ്രോളിക് ലിഫ്റ്റ് സംവിധാനമുള്ള ഒരു വാതിൽ തുറന്നപ്പോഴാണ് ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ച വമ്പൻ തുരങ്കം കണ്ടെത്തിയത്. മെക്സിക്കോയിലെ ടിജുവാനയിൽ നിന്ന് യുഎസിലെ സാൻ ഡീഗോയിലുള്ള ഒട്ടായ് മേസ പോർട്ട് ഓഫ് എൻട്രിക്ക് സമീപമുള്ള ഈ കടയിലേക്ക് നീളുന്ന തുരങ്കത്തിന് 1,933 അടി (590 മീറ്റർ) നീളമുണ്ട്. കോൺക്രീറ്റ് പടികളും ഉറപ്പുള്ള ചുവരുകളുമുള്ള ഈ തുരങ്കത്തിന് 55 അടി ആഴവും 4.5 അടി ഉയരവുമുണ്ട്. അതിർത്തിയുടെ മെക്സിക്കൻ ഭാഗത്തേക്ക് മാത്രം 800 അടിയിലധികം നീളുന്ന ഈ തുരങ്കത്തിനുള്ളിൽ മയക്കുമരുന്ന് പെട്ടെന്ന് കടത്താനായി റെയിൽ സംവിധാനവും തടസ്സമില്ലാത്ത വായുസഞ്ചാരത്തിനായുള്ള വെന്റിലേഷനും വൈദ്യുതിയും ഉൾപ്പെടെയുള്ള അത്യാധുനിക സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
ഇതുവഴി വർഷങ്ങളായി ടൺ കണക്കിന് മയക്കുമരുന്നും ആയുധങ്ങളും അമേരിക്കയിലേക്ക് കടത്തിയിരുന്നതായാണ് ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നത്. മെക്സിക്കോയിലെ ഏറ്റവും കുപ്രസിദ്ധവും ക്രൂരവുമായ മയക്കുമരുന്ന് മാഫിയ സംഘമായ ‘ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ’ (Jalisco New Generation Cartel) ആണ് ഈ തുരങ്ക നിർമ്മാണത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. അതിർത്തി സുരക്ഷാ സേനകളുടെ കണ്ണുവെട്ടിച്ച് ഭൂമിക്കടിയിലൂടെയുള്ള ഇത്തരം അത്യാധുനിക തുരങ്കങ്ങൾ വഴി വലിയ തോതിൽ ലഹരിമരുന്ന് അമേരിക്കൻ നഗരങ്ങളിലേക്ക് ഒഴുകുന്നത് തടയാൻ വരും ദിവസങ്ങളിൽ സംയുക്ത പരിശോധന ശക്തമാക്കാനാണ് യുഎസ്-മെക്സിക്കോ സർക്കാരുകളുടെ തീരുമാനം.
Summary: US federal agents have uncovered a massive 1,933-foot cross-border drug tunnel operating underneath a wholesale shop near the San Diego-Mexico border. The raid resulted in the seizure of over 1,029 kilograms of cocaine worth an estimated 45 million dollars and the arrest of four individuals. Authorities confirmed that the sophisticated tunnel, equipped with electricity, ventilation, and a rail system, was operated by the notorious Jalisco New Generation Cartel.

