ടെഹ്റാൻ: ഫെബ്രുവരി 28-ന് നടന്ന അമേരിക്കൻ ആക്രമണത്തിൽ വധിക്കപ്പെട്ട ഇറാൻ മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ ഖബറടക്ക ചടങ്ങുകൾക്കും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വൻ വിലാപയാത്രയ്ക്കുമായി രാജ്യം ഒരുക്കങ്ങൾ തുടങ്ങി (Ayatollah Ali Khamenei Funeral Procession). കൊല്ലപ്പെട്ട് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഇറാൻ ഔദ്യോഗികമായി അന്ത്യകർമ്മങ്ങളുടെ പ്രഖ്യാപനം നടത്തുന്നത്. അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, ഈ ധാരണകൾക്ക് ശേഷമായിരിക്കും വിലാപയാത്രയുടെ കൃത്യമായ തീയതി പുറത്തുവിടുകയെന്നാണ് സൂചന. തലസ്ഥാനമായ ടെഹ്റാൻ, ആത്മീയ നഗരങ്ങളായ ഖോം, മഷ്ഹദ് എന്നിവിടങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ ഒന്നര മുതൽ രണ്ട് കോടിയോളം ജനങ്ങൾ ഒഴുകിയെത്തുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
കൊല്ലപ്പെട്ടതിന് ശേഷം ഖമേനിയുടെ ഒരു ചിത്രം പോലും ഇതുവരെ പുറത്തുവിട്ടിരുന്നില്ല. യുദ്ധ പശ്ചാത്തലത്തിൽ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ മരണാനന്തര ചടങ്ങുകൾ ഷിയാ വിഭാഗത്തിന് ഏറെ പ്രാധാന്യമുള്ള മുഹറം മാസത്തോടനുബന്ധിച്ച് ഈ മാസം പകുതിയോടെ നടത്താനാണ് നിലവിലെ നീക്കം. കൊല്ലപ്പെട്ട മറ്റ് പ്രമുഖ നേതാക്കളുടെ ഖബറിടങ്ങൾക്ക് നേരെയും മുൻപ് ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ ഖമേനിയുടെ സംസ്കാര സ്ഥലവും തീയതിയും അതീവ സുരക്ഷാ പ്രാധാന്യത്തോടെയാണ് ഇറാൻ കൈകാര്യം ചെയ്യുന്നത്. ഖമേനിയുടെ ജന്മസ്ഥലം കൂടിയായ മഷ്ഹദിലായിരിക്കും ഖബറടക്കം നടക്കുകയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വികാരഭരിതവും വലുതുമായ ജനമുന്നേറ്റത്തിന് ഈ വിലാപയാത്ര സാക്ഷ്യം വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Summary: Iran is preparing for a massive three-day funeral procession for its former Supreme Leader Ayatollah Ali Khamenei, who was killed in a US attack on February 28. The procession will take place across Tehran, Qom, and Mashhad, with nearly 20 million people expected to attend. The exact dates of the final rites are anticipated to be announced following current peace talks with the United States.

