മുംബൈ: ഹോമി അദജാനിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കോക്ക്ടെയിൽ 2’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ ആദ്യ പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി നടി രശ്മിക മന്ദാന (Rashmika Mandanna on First Love). ചിത്രത്തിലെ സഹതാരങ്ങളായ ഷാഹിദ് കപൂർ, കൃതി സനൻ എന്നിവർക്കൊപ്പം പങ്കെടുത്ത പ്രമോഷൻ പരിപാടിക്കിടെയാണ് താരങ്ങളോട് അവരുടെ ആദ്യ പ്രണയത്തെക്കുറിച്ച് അവതാരകൻ ചോദിച്ചത്. താൻ ഇപ്പോൾ വിവാഹിതയായി ജീവിക്കുകയാണെന്നും നിലവിലെ ജീവിതത്തിൽ അതീവ സന്തുഷ്ടയാണെന്നും അതുകൊണ്ട് പഴയ കാര്യങ്ങളിലേക്ക് തിരിഞ്ഞുനോക്കാൻ താല്പര്യമില്ലെന്നുമായിരുന്നു രശ്മികയുടെ പെട്ടെന്നുള്ള മറുപടി. ആദ്യ പ്രണയം ഇപ്പോഴും ഓർക്കുന്നുണ്ടോ എന്ന് കൃതി സനൻ വീണ്ടും ചോദിച്ചപ്പോഴും, താൻ ഇപ്പോൾ വർത്തമാനകാലത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന സന്തോഷവതിയായ വ്യക്തിയാണെന്ന് രശ്മിക വ്യക്തമാക്കി.
പ്രണയത്തെക്കുറിച്ചുള്ള ഈ ചർച്ചയിൽ ഷാഹിദ് കപൂറും തന്റെ നിലപാട് പങ്കുവെച്ചു. ജീവിതത്തിൽ ആദ്യ പ്രണയം എന്താണെന്ന് പലർക്കും കൃത്യമായി അറിയാൻ കഴിയില്ലെന്നും എന്നാൽ ഒരാൾക്കൊപ്പം ജീവിതകാലം മുഴുവൻ ജീവിക്കാൻ സാധിക്കുമെന്ന് തിരിച്ചറിയുന്ന അവസാന പ്രണയമാണ് യഥാർത്ഥത്തിൽ പ്രധാനമെന്നുമായിരുന്നു ഷാഹിദിന്റെ നിരീക്ഷണം. നീണ്ട എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ ഈ വർഷം ഫെബ്രുവരി 26-നാണ് രശ്മിക മന്ദാനയും നടൻ വിജയ് ദേവരകൊണ്ടയും ഉദയപൂരിൽ വെച്ച് വിവാഹിതരായത്. പരമ്പരാഗത തെലുങ്ക്, കൊടവ ആചാരപ്രകാരം നടന്ന വിവാഹത്തിന് ശേഷം ഹൈദരാബാദിൽ വെച്ച് സിനിമ സുഹൃത്തുക്കൾക്കായി ഇവർ വിരുന്ന് സൽക്കാരവും ഒരുക്കിയിരുന്നു. തങ്ങളുടെ വിവാഹ സന്തോഷം പങ്കിടുന്നതിനായി രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിൽ അന്നദാനവും ഇന്ത്യയിലുടനീളമുള്ള നഗരങ്ങളിൽ മധുരപലഹാര വിതരണവും ഈ താരദമ്പതികൾ നടത്തിയിരുന്നു.
ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയും രശ്മികയും ഒന്നിക്കുന്ന ‘രണബാലി’ എന്ന പുതിയ ചിത്രം സെപ്റ്റംബർ 11-ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. അതേസമയം സെയ്ഫ് അലി ഖാൻ, ദീപിക പദുകോൺ, ഡയാന പെന്റി എന്നിവർ തകർത്തഭിനയിച്ച 2012-ലെ സൂപ്പർഹിറ്റ് ചിത്രം ‘കോക്ക്ടെയിലിന്റെ’ രണ്ടാം ഭാഗമായാണ് ‘കോക്ക്ടെയിൽ 2’ ഒരുങ്ങുന്നത്. സൗഹൃദവും പ്രണയവും തമ്മിലുള്ള സങ്കീർണ്ണതകളും നർമ്മ മുഹൂർത്തങ്ങളും നിറഞ്ഞ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഈ ബിഗ് ബഡ്ജറ്റ് ബോളിവുഡ് ചിത്രം ജൂൺ 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
Summary: During the trailer launch of her upcoming film “Cocktail 2,” actress Rashmika Mandanna elegantly shut down questions about her first love, stating she is happily married in the present. Rashmika and actor Vijay Deverakonda tied the knot on February 26, 2026, in Udaipur after dating for eight years. Directed by Homi Adajania and co-starring Shahid Kapoor and Kriti Sanon, “Cocktail 2” is scheduled for a theatrical release on June 19, 2026.

