കൊല്ലം: പോലീസ് കേസിൽ ജാമ്യരേഖയായി ഹാജരാക്കാൻ വസ്തു നികുതി (കരം) ഒടുക്കിയ രസീത് നൽകാത്തതിലും ജാമ്യം നിൽക്കാൻ തയ്യാറാകാത്തതിലുമുള്ള വൈരാഗ്യത്തിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പോലീസ് പിടിയിലായി (Kollam Nedumbana domestic violence case). നെടുമ്പന കളയ്ക്കൽ ശരണ്യ ഭവനിൽ സതീശൻ (55) ആണ് കണ്ണനല്ലൂർ പോലീസിന്റെ പിടിയിലായത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ രമയെ (47) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ സതീശനെതിരെ നിലവിലുണ്ടായിരുന്ന ഒരു കേസിൽ കോടതിയിൽ ആൾജാമ്യം നിൽക്കാനും, അതിനായി കരമടച്ച രസീത് നൽകാനും ഇയാൾ ഭാര്യ രമയെ നിരന്തരം നിർബന്ധിച്ചിരുന്നു. ജോലി ആവശ്യത്തിനായി എറണാകുളത്തായിരുന്ന രമയെ ജാമ്യകാര്യങ്ങൾ സംസാരിക്കാനാണെന്ന് പറഞ്ഞ് സതീശൻ തന്ത്രപൂർവ്വം കൊല്ലത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
വീട്ടിലെത്തിയ രമ തനിക്ക് ജാമ്യം നിൽക്കാൻ കഴിയില്ലെന്ന് കർശനമായി നിലപാടെടുത്തു. ഇതിൽ പ്രകോപിതനായ സതീശൻ സ്വന്തം പെൺമക്കളുടെ മുന്നിൽ വെച്ച് അടുക്കളയിലെ കറി കത്തി എടുത്ത് രമയുടെ വയറ്റിലേക്ക് ആഴ്ന്നിറക്കുകയായിരുന്നു.
കുത്തുകൊണ്ട് ചോര വാർന്ന് വീണ രമയുടെയും മക്കളുടെയും നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. ഉടൻ തന്നെ രമയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്തരികാവയവങ്ങൾക്ക് മുറിവേറ്റതിനാൽ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഇതേത്തുടർന്നാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
സ്റ്റേഷനിലെത്തിച്ച് വിശദമായ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Summary: Kannanallur police arrested Satheesan for attempting to murder his wife Rama at Nedumbana, Kollam, using a kitchen knife. The assault happened in front of their daughters after Rama refused to stand surety for his bail.

