ബെംഗളൂരു: തന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ചതാണെന്ന് പ്രശസ്ത തെന്നിന്ത്യൻ നടി രുക്മിണി വസന്ത് (Rukmini Vasanth deepfake video). ഇത്തരം വ്യാജ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും വ്യക്തമാക്കിയ താരം, സംഭവത്തിൽ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പ്രഖ്യാപിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു സ്വിമ്മിംഗ് പൂളിൽ വെച്ചുള്ള ഫോട്ടോഷൂട്ടിന്റെ അണിയറ ദൃശ്യങ്ങൾ എന്ന രീതിയിൽ ചില ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ദൃശ്യങ്ങളിലുള്ളത് രുക്മിണി വസന്താണെന്ന തരത്തിലായിരുന്നു പ്രചാരണം. ഒരു പ്രൊഫഷണൽ ഫോട്ടോഷൂട്ടിന്റെ ഭാഗമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഈ ദൃശ്യങ്ങൾ വ്യാജമാണെന്ന് തിരിച്ചറിയാതെ നിരവധി പേരാണ് ഇത് യഥാർത്ഥമാണെന്ന് വിശ്വസിച്ചതും പങ്കുവെച്ചതും. എന്നാൽ, ഇവ പൂർണ്ണമായും വ്യാജമാണെന്നും താനുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും നടി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.
തന്റേതെന്ന പേരിൽ ഇന്റർനെറ്റിൽ പ്രചരിക്കുന്ന ചിത്രങ്ങൾ പൂർണ്ണമായും വ്യാജവും കൃത്രിമമായി നിർമ്മിച്ചതുമാണ് എന്ന് വ്യക്തമാക്കിയ താരം, ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിൽ നിന്നും അതിൽ ഇടപഴകുന്നതിൽ നിന്നും വിട്ടുനിൽക്കാൻ ആരാധകരോട് അഭ്യർത്ഥിച്ചു.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികളും സൈബർ ക്രൈം അന്വേഷണവും ആരംഭിക്കുമെന്ന് രുക്മിണി വസന്ത് മുന്നറിയിപ്പ് നൽകി. തന്റെ ലീഗൽ ടീമുമായി ചേർന്ന് ഈ വിഷയം ഗൗരവമായി കൈകാര്യം ചെയ്യുകയാണെന്നും വ്യാജ ചിത്രങ്ങൾ സൃഷ്ടിക്കുന്നവർക്കും അത് പ്രചരിപ്പിക്കുന്നവർക്കുമെതിരെ നടപടിയെടുക്കുമെന്നും താരം വ്യക്തമാക്കി. സിനിമയിലെ മുൻനിര നടിമാർക്ക് നേരെയുള്ള എഐയുടെയും ഡീപ്‌ഫേക്ക് (Deepfake) സാങ്കേതികവിദ്യയുടെയും വർദ്ധിച്ചുവരുന്ന ദുരുപയോഗത്തെക്കുറിച്ചുള്ള വലിയ ആശങ്കകൾക്ക് ഈ സംഭവം ഒരിക്കൽ കൂടി കാരണമായിട്ടുണ്ട്.
2019-ൽ ‘ബീർബൽ ട്രിലോജി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന രുക്മിണി വസന്ത്, ‘സപ്ത സാഗരദാച്ചെ എല്ലോ’ (സൈഡ് എ, സൈഡ് ബി) എന്നീ ചിത്രങ്ങളിലെ ‘പ്രിയ’ എന്ന കഥാപാത്രത്തിലൂടെയാണ് ഇന്ത്യയൊട്ടാകെ വലിയ ജനപ്രീതി നേടിയത്. ഈ ചിത്രത്തിലെ പ്രകടനത്തിന് 2023-ലെ മികച്ച നടിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡും അവർക്ക് ലഭിച്ചു. ‘ബാണാദരിയല്ലി’, ‘ബഗീര’, ‘ഭൈരതി രണഗൽ’ തുടങ്ങിയ കന്നഡ ചിത്രങ്ങളിലൂടെ തൻ്റെ സ്ഥാനം ഉറപ്പിച്ച താരം നിലവിൽ തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ്.
ഋഷഭ് ഷെട്ടിയുടെ ‘കാന്താര: ചാപ്റ്റർ 1’ ലൂടെ വലിയ പ്രശസ്തി നേടിയ അവർ, തെലുങ്കിൽ ‘അപ്പുഡോ ഇപ്പുഡോ എപ്പുഡോ’ എന്ന ചിത്രത്തിലൂടെയും തമിഴിൽ ശിവകാർത്തികേയന്റെ നായികയായി ‘മദ്രാസ്കാരൻ’ എന്ന ചിത്രത്തിലൂടെയും അരങ്ങേറ്റം കുറിക്കുകയാണ്. പ്രശാന്ത് നീൽ ചിത്രം ‘ഡ്രാഗൺ’, യഷിനൊപ്പമുള്ള ‘ടോക്സിക്’ തുടങ്ങി നിരവധി വലിയ പ്രോജക്റ്റുകളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
Story Summary: South Indian actress Rukmini Vasanth clarify that her viral swimsuit photoshoot videos and photos on social media are AI-generated deepfakes. She strongly condemned the privacy violation and announced strict legal action against the creators.

