രാംപൂർ: ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിൽ വിവാഹത്തിന് തൊട്ടുപിന്നാലെ നവവധു പെൺകുഞ്ഞിന് ജന്മം നൽകി. ശനിയാഴ്ച വൈകുന്നേരം വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ യുവതി ഞായറാഴ്ച പുലർച്ചെയാണ് പ്രസവിച്ചത്. അസിംനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുംഹാരിയ ഗ്രാമത്തിലാണ് സംഭവം.(Newlywed gives birth to baby girl after marriage in UP)
കുംഹാരിയ സ്വദേശിയായ റിസ്വാനും അയൽഗ്രാമമായ ബഹാദുർഗഞ്ച് സ്വദേശിനിയായ യുവതിയും ദീർഘകാലമായി പ്രണയത്തിലായിരുന്നു. വീട്ടുകാർ വിവാഹത്തെ എതിർത്തതിനെത്തുടർന്ന് യുവതി പോലീസിന്റെ സഹായം തേടിയിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിൽ വെച്ച് ഗ്രാമമുഖ്യന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ഇരു കുടുംബങ്ങളും വിവാഹത്തിന് സമ്മതിച്ചത്.
ശനിയാഴ്ച വൈകുന്നേരം ബഹാദുർഗഞ്ചിൽ വെച്ച് ഇരുവരും വിവാഹിതരായി. ശനിയാഴ്ച രാത്രി വധു വരന്റെ വീട്ടിലെത്തിയതിന് പിന്നാലെ കടുത്ത വയറുവേദന അനുഭവപ്പെട്ടു. ഞായറാഴ്ച പുലർച്ചെ ഗ്രാമത്തിലെ ക്ലിനിക്കിൽ എത്തിച്ച യുവതി പെൺകുഞ്ഞിന് ജന്മം നൽകി.
യുവതിയും യുവാവും നേരത്തെ തന്നെ പ്രണയത്തിലായിരുന്നതിനാലും, വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹമായതിനാലും സംഭവത്തിൽ ആർക്കും പരാതിയില്ല എന്ന് പോലീസ് പറഞ്ഞു. വിവാഹത്തിന് എത്തിയ അതിഥികൾ പിരിഞ്ഞുപോകും മുൻപേ നടന്ന ഈ അപ്രതീക്ഷിത സംഭവത്തിന്റെ അമ്പരപ്പിലാണ് ഗ്രാമവാസികൾ.



