കോഴിക്കോട്: വയനാട് ചുരത്തിലെ (താമരശേരി ചുരം) റോഡ് വീതികൂട്ടൽ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ചുരത്തിലൂടെയുള്ള ഗതാഗതത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി (Thamarassery Churam traffic diversion). നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ ഭാരമേറിയ വാഹനങ്ങൾക്കും മൾട്ടി ആക്സിൽ ലോറികൾക്കും ചുരത്തിലൂടെ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഈ വാഹനങ്ങൾ ഇതര പാതകളിലൂടെ വഴിതിരിച്ചുവിടും.
വാഹനങ്ങൾ പോകേണ്ട ബദൽ പാതകൾ ഇങ്ങനെ:
കോഴിക്കോട് ഭാഗത്തുനിന്ന് കൽപ്പറ്റയിലേക്ക് പോകുന്ന വലിയ വാഹനങ്ങൾ: താമരശേരി ചുങ്കത്തുനിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് ബാലുശേരി – കുറ്റ്യാടി വഴി വയനാട്ടിലേക്ക് പോകണം.
കൽപ്പറ്റ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വലിയ വാഹനങ്ങൾ: വൈത്തിരി ടൗണിൽനിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് പടിഞ്ഞാറത്തറ – തരുവണ – കുറ്റ്യാടി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകണം.
ചുരത്തിലൂടെ കടന്നുപോകാൻ അനുമതിയുള്ള മറ്റ് ചെറിയ വാഹനങ്ങൾ വേഗത കുറച്ച്, അതീവ സുരക്ഷിതമായി ട്രാഫിക് നിർദേശങ്ങൾ പൂർണ്ണമായും പാലിച്ചുമാത്രമേ യാത്ര ചെയ്യാവൂ എന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ റൂട്ടിൽ വലിയ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്നും യാത്രക്കാർ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Story Summary: Heavy vehicles and multi-axle lorries will be diverted from the Thamarassery Ghat (Churam) road due to ongoing road widening works. Vehicles traveling between Kozhikode and Wayanad are requested to use alternative routes via Kuttiady until the construction is completed.

