ചെന്നൈ: കൊലപാതകവും വധശ്രമവും ഉൾപ്പെടെ മുപ്പതിലധികം കേസുകളിൽ പ്രതിയായ ഗുണ്ട അഴകുരാജ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പെരമ്പലൂർ മംഗലമേട് ഇൻസ്‌പെക്ടർ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.(Another police encounter in Tamil Nadu, Notorious gangster killed)
ഊട്ടിയിൽ ഒളിവിൽ കഴിയുകയായിരുന്ന അഴകുരാജ ഉൾപ്പെടെ ഏഴ് പേരെ കഴിഞ്ഞ രാത്രിയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വനമേഖലയിൽ ഒളിപ്പിച്ച ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുക്കാനായി പ്രതിയെ സ്ഥലത്തെത്തിച്ചപ്പോഴാണ് സംഭവം നടന്നത്.
തെളിവെടുപ്പിനിടെ ഒളിപ്പിച്ചു വെച്ച വെട്ടുകത്തി ഉപയോഗിച്ച് അഴകുരാജ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. പ്രതിയെ കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ വന്നതോടെ സ്വയരക്ഷയ്ക്കായി വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. തലയ്ക്ക് വെടിയേറ്റ ഇയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുണ്ടയുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരു പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് മുപ്പതോളം കേസുകളിൽ പ്രതിയായ കാളിമുത്തുവിനെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒരു സംഘം ആക്രമിച്ചിരുന്നു. ഈ ആക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരനായിരുന്നു അഴകുരാജ. തിരുനെൽവേലി, പെരമ്പലൂർ മേഖലകളിൽ കൊലപാതകം, ക്വട്ടേഷൻ ആക്രമണങ്ങൾ തുടങ്ങിയ ഗുരുതരമായ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.



