ന്യൂഡൽഹി : യൂറോപ്യൻ യൂണിയനിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്ന 90 ശതമാനത്തിലധികം ഉൽപ്പന്നങ്ങളുടെയും നികുതി ഭാരം കുറയുന്നതോടെ ഉപഭോക്താക്കൾക്കും വ്യവസായ മേഖലയ്ക്കും ഒരുപോലെ ഗുണകരമായ മാറ്റങ്ങളാണ് വരുന്നത്. കരാറിലെ ഏറ്റവും വലിയ നേട്ടം ഓട്ടോമൊബൈൽ രംഗത്താണ്. പ്രീമിയം കാറുകളുടെ ഇറക്കുമതി തീരുവ 70 ശതമാനത്തിൽ നിന്ന് ഘട്ടംഘട്ടമായി 10 ശതമാനമായി കുറയും. പ്രതിവർഷം 2.5 ലക്ഷം വാഹനങ്ങൾ എന്ന ക്വാട്ടയിലാണ് ഈ ഇളവ് ലഭിക്കുക. ഇത് മെഴ്സിഡസ്, ബിഎംഡബ്ല്യു, ഔഡി തുടങ്ങിയ യൂറോപ്യൻ ബ്രാൻഡുകളുടെ വില ഗണ്യമായി കുറയ്ക്കും.(India-EU FTA, Products with falling prices and changes in the market)
മെഡിക്കൽ, സർജിക്കൽ ഉപകരണങ്ങളുടെ നികുതി ഏതാണ്ട് പൂർണ്ണമായും ഒഴിവാക്കി. മരുന്നുകൾക്ക് നിലവിലുണ്ടായിരുന്ന 11% നികുതിയും ഇല്ലാതാകും. ഇത് ചികിത്സാ ചെലവ് കുറയാൻ സഹായിക്കും. 44% വരെ തീരുവയുണ്ടായിരുന്ന യന്ത്രസാമഗ്രികൾ, 22% നികുതിയുണ്ടായിരുന്ന രാസവസ്തുക്കൾ എന്നിവയുടെ താരിഫ് ഒഴിവാക്കി. വിമാനങ്ങൾ, ബഹിരാകാശ വാഹനങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവയും പൂർണ്ണമായും നീക്കം ചെയ്തു.
യൂറോപ്യൻ വൈനുകളുടെ നികുതി 20-30 ശതമാനമായും ബിയറിന്റേത് 50 ശതമാനമായും കുറയും. ഒലീവ് ഓയിൽ ഉൾപ്പെടെയുള്ള ഭക്ഷ്യ എണ്ണകളുടെ വിലയും കുറയും. അടുത്ത ഏഴ് വർഷത്തിനുള്ളിൽ യൂറോപ്യൻ യൂണിയൻ ഇന്ത്യയിൽ നിന്നുള്ള 99.5% ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ കുറയ്ക്കും. ഇന്ത്യൻ സമുദ്ര ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, ആഭരണങ്ങൾ, റബ്ബർ എന്നിവയ്ക്ക് യൂറോപ്യൻ വിപണിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കാൻ ഇത് കാരണമാകും. തീരുവ ഇളവിലൂടെ മാത്രം ഏകദേശം 400 കോടി യൂറോ ലാഭിക്കാനാകുമെന്നാണ് ബ്രസ്സൽസിന്റെ കണക്കുകൂട്ടൽ.



