ഇസ്ലാമാബാദ്: പാകിസ്താനിലെ വമ്പൻ മയക്കുമരുന്ന് ശൃംഖലയുടെ തലവനും ‘കൊക്കെയ്ൻ ക്വീൻ’ എന്നറിയപ്പെടുന്നവളുമായ അൻമോൾ എന്ന പിങ്കിയെ കറാച്ചി പോലീസ് അറസ്റ്റ് ചെയ്തു (Pakistan Cocaine Queen Arrested). 31-കാരിയായ പിങ്കിയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു. ‘ക്വീൻ മാഡം പിങ്കി’ എന്ന സ്വന്തം ബ്രാൻഡിലാണ് ഇവർ മയക്കുമരുന്ന് വിപണിയിലെത്തിച്ചിരുന്നത്. ലഹരിമരുന്ന് നിർമ്മിക്കാനായി പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളും ഇവർ ഉപയോഗിച്ചിരുന്നു.
ലാഹോർ, ഇസ്ലാമാബാദ്, കറാച്ചി തുടങ്ങി പാകിസ്താനിലെ പ്രധാന നഗരങ്ങളെല്ലാം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ചൊവ്വാഴ്ച കറാച്ചിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. പോലീസ് പിടികൂടാതിരിക്കാനായി ആസിഡ് ഉപയോഗിച്ച് സ്വന്തം വിരലടയാളം പോലും ഇവർ നശിപ്പിച്ചിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ നൽകിയ പരിഗണന വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. കൈവിലങ്ങ് ധരിപ്പിക്കാതെ, കൂളിങ് ഗ്ലാസും മാസ്കും ധരിച്ച് സ്റ്റൈലിഷ് ആയി കോടതിയിലെത്തിയ പിങ്കിയെ പോലീസുകാർ വഴികാട്ടി അനുഗമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇത് വലിയ പ്രതിഷേധത്തിന് കാരണമായതോടെ കറാച്ചി പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു.
2018-ൽ അറസ്റ്റിലായെങ്കിലും ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ജാമ്യത്തിലിറങ്ങിയ പിങ്കി, വീണ്ടും മയക്കുമരുന്ന് വ്യാപാരത്തിൽ സജീവമാകുകയായിരുന്നു.
News Summary: Pakistan’s notorious drug kinpin Anmol, popularly known as the ‘Cocaine Queen’ or ‘Madam Pinky,’ was arrested in Karachi following a massive raid. The 31-year-old operated a vast drug network across major cities using her own brand and ‘mobile manufacturing units.’ The arrest sparked controversy after footage surfaced of her appearing in court with ‘VIP treatment’—wearing sunglasses and a mask without handcuffs, escorted by polite officers. Authorities have launched an investigation into the police’s conduct, as Pinky is known to have high-profile connections and had even reportedly used acid to destroy her fingerprints to evade detection.

