ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എഐഎഡിഎംകെയിൽ കനത്ത ആഭ്യന്തര കലഹം (AIADMK Split Vijay TVK). പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായി (EPS) തെറ്റിപ്പിരിഞ്ഞ 30 എംഎൽഎമാർ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) പക്ഷത്തേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. മുതിർന്ന നേതാക്കളായ സി.വി. ഷൺമുഖം, എസ്.പി. വേലുമണി എന്നിവരാണ് വിമത നീക്കത്തിന് നേതൃത്വം നൽകുന്നത്.
എഐഎഡിഎംകെയുടെ 47 എംഎൽഎമാരിൽ 36 പേരും സി.വി. ഷൺമുഖത്തിനൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. എടപ്പാടി പളനിസ്വാമിയെ പിന്തുണയ്ക്കുന്നത് വെറും 11 പേർ മാത്രമാണെന്നാണ് സൂചന. എസ്.പി. വേലുമണിയെ നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിമതർ പ്രോടേം സ്പീക്കർക്ക് കത്ത് നൽകി. മൂന്നിൽ രണ്ട് ഭൂരിപക്ഷം തെളിയിച്ച് യഥാർത്ഥ എഐഎഡിഎംകെ തങ്ങളാണെന്ന് അവകാശപ്പെടാനാണ് ഷൺമുഖം പക്ഷത്തിന്റെ നീക്കം.
തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ വിമതർ പ്രത്യേക യോഗം ചേർന്നിരുന്നു. എൻഡിഎ സഖ്യം വിട്ട് വിജയുടെ ടിവികെയെ പിന്തുണയ്ക്കാനാണ് ഇവരുടെ തീരുമാനം.
എടപ്പാടി പളനിസ്വാമി വിളിച്ചുചേർത്ത ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ പകുതിയിലധികം പേരും പങ്കെടുത്തില്ല. പളനിസ്വാമി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും ടിവികെയുമായി സഖ്യത്തിന് തയ്യാറാകണമെന്നുമാണ് വിമതരുടെ ആവശ്യം.
ഒരാഴ്ചയ്ക്കുള്ളിൽ വിമതർ വിജയ്‌യുടെ ടിവികെയുമായി ഔദ്യോഗികമായി കൈകോർത്തേക്കുമെന്നാണ് തമിഴ്‌നാട് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന.
News Summary: AIADMK is on the verge of a major split as nearly 30 MLAs are reportedly planning to align with Vijay’s TVK party. Led by veterans C.V. Shanmugham and S.P. Velumani, the rebels have sidelined General Secretary Edappadi K. Palaniswami (EPS). Out of 47 MLAs, 36 are said to be supporting Shanmugham. The rebels seek to quit the NDA alliance and support the new TVK-led government. EPS faced a further blow when over half of the district secretaries skipped his latest meeting, demanding his resignation.

