ദുബായ്: ഹോർമുസ് കടലിടുക്കിൽ വെച്ചുണ്ടായ സൈനിക നീക്കങ്ങൾക്കിടെ കപ്പൽ ജീവനക്കാരനായ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണം (Indian Crew Member Killed). ദുബായിലെ ഇന്ത്യൻ കോൺസുലേറ്റാണ് എക്സിലൂടെ (X) ഈ ദുഃഖവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. കൊല്ലപ്പെട്ട വ്യക്തിയുടെ പേരോ മറ്റ് വിവരങ്ങളോ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ കോൺസുലേറ്റ്, കപ്പൽ ഉടമയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് അറിയിച്ചു.മരിച്ച വ്യക്തിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ നിയമസഹായങ്ങളും പിന്തുണയും കോൺസുലേറ്റ് ഉറപ്പുനൽകിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുകൾ നടക്കുകയാണ്. ഇറാനിയൻ എണ്ണക്കപ്പലുകൾക്ക് നേരെ യുഎസ് സേന നടത്തിയ ആക്രമണത്തിലും, തിരിച്ചുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങളിലും നിരവധി പേർക്ക് പരിക്കേറ്റതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഒരു ഇന്ത്യൻ നാവികന്റെ ജീവൻ നഷ്ടപ്പെട്ടത്.
ഈ മേഖലയിലെ സംഘർഷം ആഗോള കപ്പൽ ഗതാഗതത്തെയും എണ്ണ വിതരണത്തെയും ബാധിച്ചതിനൊപ്പം നിരപരാധികളായ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചും വലിയ ആശങ്ക ഉയർത്തുന്നുണ്ട്.
Story Summary: An Indian crew member was killed in a maritime incident in the Strait of Hormuz amid escalating tensions between the US and Iran. The Indian Consulate in Dubai confirmed the news via X, expressing deep condolences and stating that they are in contact with the ship owner and the victim’s family to provide all necessary assistance.

