ബെയ്‌റൂട്ട്: തെക്കൻ ലെബനനിലെ ക്രിസ്ത്യൻ ഗ്രാമമായ ഡെബലിൽ (Debel) കന്യകാമറിയത്തിന്റെ പ്രതിമയെ ഇസ്രായേൽ സൈനികൻ അപമാനിക്കുന്ന ചിത്രം പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം (Virgin Mary Statue Desecrated). പ്രതിമയുടെ വായിൽ സിഗരറ്റ് വെച്ചും പ്രതിമയെ പരിഹസിച്ചും നിൽക്കുന്ന സൈനികന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ഇസ്രായേൽ പ്രതിരോധ സേന (IDF) അന്വേഷണത്തിന് ഉത്തരവിട്ടു.
സൈനിക വേഷത്തിലുള്ള ഒരാൾ പ്രതിമയുടെ തോളിൽ കൈവെച്ച് നിൽക്കുന്നതും മറ്റൊരു സിഗരറ്റ് പ്രതിമയുടെ വായിൽ വെച്ചുകൊടുക്കുന്നതുമാണ് വൈറലായ ഫോട്ടോയിലുള്ളത്.കഴിഞ്ഞ മാസം ഇതേ ഗ്രാമത്തിൽ തന്നെ യേശുക്രിസ്തുവിന്റെ പ്രതിമ സൈനികർ ചുറ്റിക ഉപയോഗിച്ച് അടിച്ചുതകർത്തത് വലിയ വിവാദമായിരുന്നു. ആ പ്രതിമ പിന്നീട് ഇറ്റാലിയൻ സമാധാന സേനയാണ് പുനഃസ്ഥാപിച്ചത്. സൈനികന്റെ നടപടി ഗൗരവകരമാണെന്നും സൈന്യത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും ഐ.ഡി.എഫ് വക്താവ് വ്യക്തമാക്കി. പ്രാഥമിക പരിശോധനയിൽ ഈ ചിത്രം ഏതാനും ആഴ്ചകൾക്ക് മുമ്പ് എടുത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാരനായ സൈനികനെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
മതചിഹ്നങ്ങളെയും ആരാധനാലയങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇസ്രായേൽ സൈനികരുടെ ഇത്തരം പ്രവർത്തികൾ ലബനനിലെ ക്രിസ്ത്യൻ സമൂഹത്തിനിടയിൽ വലിയ രോഷത്തിന് കാരണമായിട്ടുണ്ട്. സൈനികരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം ‘അനാശാസ്യ പ്രവണതകൾ’ അപകടകരമാണെന്ന് ഇസ്രായേൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവിയും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
Story Summary: An Israeli soldier has sparked outrage after being photographed desecrating a statue of the Virgin Mary in the Lebanese village of Debel by placing a cigarette in its mouth. The IDF has launched an investigation into the incident, which follows a similar act of vandalism against a statue of Jesus in the same village last month.

