കണ്ണൂർ: പൊലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം കൗൺസിലർ വി.കെ. നിഷാദ് പരോൾ നിയമങ്ങൾ കാറ്റിൽപ്പറത്തി രാഷ്ട്രീയ പ്രകടനത്തിൽ പങ്കെടുത്തു. പിതാവിന്റെ ചികിത്സയ്ക്കായി അടിയന്തര പരോൾ നേടിയ നിഷാദ്, പയ്യന്നൂരിൽ വി. കുഞ്ഞിക്കൃഷ്ണനെതിരെ സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് സജീവമായി പങ്കെടുത്തത്.(CPM councilor’s performance violates parole rules)
പരോളിലിറങ്ങുന്ന തടവുകാർ രാഷ്ട്രീയ പ്രവർത്തനങ്ങളിലോ പ്രകടനങ്ങളിലോ പങ്കെടുക്കാൻ പാടില്ലെന്നാണ് നിയമം. എന്നാൽ, ഇത് ലംഘിച്ച് പ്രകടനത്തിൽ മുദ്രാവാക്യം വിളിക്കുന്ന നിഷാദിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രകടനത്തിന് ശേഷമാണ് ഇയാൾ കണ്ണൂർ സെൻട്രൽ ജയിലിൽ തിരികെ പ്രവേശിച്ചത്.
നവംബറിൽ ശിക്ഷിക്കപ്പെട്ട നിഷാദിന് വെറും ഒരു മാസത്തിനുള്ളിൽ പരോൾ അനുവദിച്ചത് നേരത്തെ തന്നെ വിവാദമായിരുന്നു. പിതാവിന്റെ കാൽമുട്ട് ശസ്ത്രക്രിയ ചൂണ്ടിക്കാട്ടിയാണ് പരോൾ നേടിയതെങ്കിലും ഇത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണെന്ന ആക്ഷേപം ശക്തമാണ്.



