കൊച്ചി: ശാസ്താംമുകളിൽ സ്കൂൾ യൂണിഫോമിൽ സ്കൂളിലേക്ക് പോയ പതിനാറുകാരിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.(Plus One student found dead in Pond)
ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ആദിത്യ യൂണിഫോം ധരിച്ച് വീട്ടിൽ നിന്നും ഇറങ്ങിയത്. സ്കൂൾ ബാഗും ഭക്ഷണപ്പൊതിയും കൈവശമുണ്ടായിരുന്നു. പാറമടയുടെ കരയിൽ ഉപേക്ഷിച്ച നിലയിൽ സ്കൂൾ ബാഗ് ഇരിക്കുന്നത് കണ്ട സമീപവാസികൾക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പാറമടയിലെ വെള്ളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വാർഡ് മെമ്പർ വിവരമറിയിച്ചതിനെത്തുടർന്ന് ചോറ്റാനിക്കര പോലീസ് സ്ഥലത്തെത്തി. പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മഹേഷ് – രമ്യ ദമ്പതികളുടെ ഏക മകളാണ് ആദിത്യ.



