തിരുവനന്തപുരം: നെടുമങ്ങാട് ചെറിയകൊണ്ണിയിൽ വീട്ടുമുറ്റത്ത് ചാർജ് ചെയ്യാൻ ഇട്ടിരുന്ന ഇലക്ട്രിക് കാർ സ്ഫോടനത്തോടെ കത്തിയമർന്നു (Electric Car Fire Thiruvananthapuram). കട്ടറക്കുഴി കാനാവിൽ ഫെബിന്റെ ഉടമസ്ഥതയിലുള്ള കാറാണ് പൂർണ്ണമായും നശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
രാത്രി 12.30-ഓടെ വീട്ടിലെത്തിയ ഫെബിൻ കാർ ചാർജ് ചെയ്യാൻ ഇട്ട ശേഷം ഉറങ്ങാൻ പോയി. പുലർച്ചെ വലിയ സ്ഫോടന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു നോക്കിയപ്പോൾ കാർ ആളിപ്പടരുന്നതാണ് കണ്ടത്. ഉടൻ തന്നെ നെടുമങ്ങാട് ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കിയ ശേഷം കാറിന്റെ ബാറ്ററി അഴിച്ച് മാറ്റി.
കാറിന് സമീപം പാർക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്കൂട്ടറിനും തീപിടുത്തത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. വീടിന് തൊട്ടടുത്തായിരുന്നിട്ടും തീ പടരാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. 99 ദിവസം കൊണ്ട് 69,207 കിലോമീറ്റർ കാർ ഓടിച്ച് അഖിലേന്ത്യാ പര്യടനം നടത്തി ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച ജി.എസ്. മണിക്കുട്ടന്റെ മകനാണ് ഫെബിൻ.
കാർ കമ്പനി പ്രതിനിധികളും ഇൻഷുറൻസ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ചാർജിംഗിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടാണോ അതോ ബാറ്ററിയുടെ തകരാറാണോ അപകട കാരണമെന്ന് വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.
Story Summary: An electric car caught fire while charging at a residence in Nedumangad, Thiruvananthapuram. The car, belonging to Febin, son of Guinness World Record holder G.S. Manikuttan, was completely destroyed in the incident. Fire units arrived and extinguished the flames, preventing further damage to the house, though a nearby electric scooter was partially damaged.

