കെയ്‌റോ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഈജിപ്ഷ്യൻ സർക്കാർ ഒരുങ്ങുന്നു. 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനുള്ള നിയമനിർമ്മാണത്തിന് ഈജിപ്ഷ്യൻ പാർലമെന്റ് തുടക്കം കുറിച്ചു. കുട്ടികളെ സൈബർ ഭീഷണികളിൽ നിന്നും ഓൺലൈൻ ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുകയാണ് ലക്ഷ്യം.(Egypt follows Australia, Move to ban social media for those under 16)
സോഷ്യൽ മീഡിയയുടെ ദോഷകരമായ സ്വാധീനത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ പ്രത്യേക ചട്ടക്കൂട് പാർലമെന്റ് തയ്യാറാക്കും. നിയമം നടപ്പിലാക്കുന്നതിന് മുന്നോടിയായി സാങ്കേതിക-മനശ്ശാസ്ത്ര വിദഗ്ധരുമായി സർക്കാർ ചർച്ച നടത്തും.
കുട്ടികൾ സോഷ്യൽ മീഡിയ ബുദ്ധിപൂർവ്വം ഉപയോഗിക്കാൻ പ്രായമാകുന്നതുവരെ അവരെ ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അകറ്റി നിർത്തണമെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി വ്യക്തമാക്കി. ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങൾ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ മാതൃകയാക്കാനാണ് ഈജിപ്തിന്റെ തീരുമാനം.



