കൊൽക്കത്ത: പശ്ചിമ ബംഗാളിലും അസമിലും ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരണ നടപടികൾ വേഗത്തിലാക്കി ബിജെപി. ബംഗാളിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള കേന്ദ്ര നിരീക്ഷകനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ബിജെപി പാർലമെന്ററി ബോർഡ് നിയോഗിച്ചു. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയാണ് സഹ നിരീക്ഷകൻ.(BJP Government Formation In West Bengal And Assam 2026)
മമത ബാനർജിയുടെ ഒന്നരപ്പതിറ്റാണ്ട് നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചാണ് 294-ൽ 206 സീറ്റുകൾ നേടി ബിജെപി ബംഗാൾ പിടിച്ചെടുത്തത്. ഭവാനിപൂരിൽ മമത ബാനർജിയെ നേരിട്ട് പരാജയപ്പെടുത്തിയ സുവേന്ദു അധികാരി തന്നെയാകും മുഖ്യമന്ത്രിയെന്നാണ് സൂചന. സുവേന്ദുവിനെ കൂടാതെ ദിലിപ് ഘോഷ്, സമിക് ഭട്ടാചാര്യ, രൂപ ഗാംഗുലി, അഗ്നിമിത്ര പോൾ തുടങ്ങിയവരും പരിഗണനാ പട്ടികയിലുണ്ട്. മെയ് ഒൻപതിന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റേക്കുമെന്നാണ് വിവരം.
അസമിൽ ബിജെപി സഖ്യം 126-ൽ 102 സീറ്റുകൾ നേടി ഹാട്രിക് വിജയം സ്വന്തമാക്കി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ഭരണമുന്നണി നൂറിലധികം സീറ്റുകൾ നേടുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്നെ പദവിയിൽ തുടരാനാണ് സാധ്യത. അസമിലെ നിരീക്ഷകനായി ജെ.പി. നദ്ദയെയും സഹ നിരീക്ഷകനായി ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനിയെയും നിയമിച്ചു.
ബംഗാളിൽ ബിജെപി തരംഗത്തിനിടെ മുഖ്യമന്ത്രി മമത ബാനർജിക്ക് സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ അടിതെറ്റിയത് തൃണമൂൽ കോൺഗ്രസിന് കനത്ത പ്രഹരമായി. ബിജെപിയുടെ വിജയത്തോടെ കിഴക്കൻ ഇന്ത്യയിൽ പാർട്ടിക്ക് വലിയ സ്വാധീനം ഉറപ്പിക്കാനായി.
Story Summary
BJP has initiated government formation in West Bengal and Assam after its massive victory. Union Minister Amit Shah has been appointed as the observer for Bengal, where Suvendu Adhikari is the frontrunner for the CM post, while Himanta Biswa Sarma is expected to continue in Assam following a historic hat-trick win.

