കണ്ണൂർ: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എല്ലാവരെയും അമ്പരപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട കനത്ത വെല്ലുവിളിയാണ്. വോട്ടെണ്ണലിന്റെ ആദ്യ ആറ് റൗണ്ടുകളിലും മുഖ്യമന്ത്രിയെ പിന്നിലാക്കി ധർമ്മടം മണ്ഡലത്തിൽ അഡ്വ. വി.പി. അബ്ദുൽ റഷീദ് നടത്തിയ മുന്നേറ്റം അക്ഷരാർത്ഥത്തിൽ സിപിഎം ക്യാമ്പുകളെ ഞെട്ടിച്ചു. ഇടതുപക്ഷത്തിന്റെ ഏറ്റവും സുരക്ഷിതമായ കോട്ടയിൽ വോട്ട് വിഹിതം ഇത്രത്തോളം ഇടിഞ്ഞത് രാഷ്ട്രീയ നിരീക്ഷകരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.(VP Abdul Rasheed Dharmadam Pinarayi Vijayan Trailing Kerala Election Results 2026)
ധർമ്മടത്ത് മുഖ്യമന്ത്രിയെ നേരിടാൻ കോൺഗ്രസ് അപ്രതീക്ഷിതമായി നിയോഗിച്ച വി.പി. അബ്ദുൽ റഷീദ് നിസ്സാരക്കാരനല്ലെന്ന് അദ്ദേഹത്തിന്റെ മുൻകാല തിരഞ്ഞെടുപ്പ് ചരിത്രം വ്യക്തമാക്കുന്നു. 2016-ൽ തളിപ്പറമ്പിൽ എം.വി. ഗോവിന്ദനെതിരെ മത്സരിച്ച റഷീദ്, ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം പകുതിയോളം കുറച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു.
ഇത്തവണയും തളിപ്പറമ്പിൽ മത്സരിക്കാനായിരുന്നു റഷീദ് ഒരുങ്ങിയിരുന്നത്. എന്നാൽ അവിടെ ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചതോടെയാണ് റഷീദിനെ പാർട്ടി ധർമ്മടത്തേക്ക് നിയോഗിച്ചത്. മുഖ്യമന്ത്രിയെപ്പോലൊരു അതികായനെതിരെ മത്സരിക്കുക എന്ന വലിയ വെല്ലുവിളിയാണ് പാർട്ടി റഷീദിനെ ഏൽപ്പിച്ചത്. അത് ഭംഗിയായി നിർവഹിച്ചുവെന്ന് മാത്രമല്ല, വോട്ടെണ്ണലിന്റെ നിർണ്ണായകമായ ആദ്യ മണിക്കൂറുകളിൽ മുഖ്യമന്ത്രിയെക്കാൾ മുന്നിലെത്തി അദ്ദേഹം ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു. ചെമ്പിലോട് അടക്കമുള്ള പാർട്ടി ഗ്രാമങ്ങളിൽ പോലും റഷീദ് വോട്ട് പിടിച്ചത് സിപിഎമ്മിന് വരും ദിവസങ്ങളിൽ വലിയ തലവേദനയാകും. ധർമ്മടത്ത് പിണറായി വിജയൻ ലീഡ് തിരിച്ചുപിടിച്ചെങ്കിലും, അബ്ദുൽ റഷീദ് ഉയർത്തിയ വെല്ലുവിളി വാഴ്ത്തപ്പെടുകയാണ്.
Story Summary
Adv. V.P. Abdul Rasheed, the UDF candidate in Dharmadam, created a major stir by leading against CM Pinarayi Vijayan for the first six rounds. Known for drastically reducing the LDF majority in Taliparamba previously, Rasheed’s strong performance in a CPM stronghold highlights a significant shift in political sentiments.

