ന്യൂഡൽഹി: ഡൽഹിയിൽ ജുഡീഷ്യൽ സർവീസ് ഉദ്യോഗസ്ഥനായ അമൻ കുമാർ ശർമയെ (30) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Delhi Judge Death). ശനിയാഴ്ച വൈകുന്നേരമാണ് സൗത്ത് ഡൽഹിയിലെ സഫ്ദർജങ് എൻക്ലേവിലുള്ള വസതിയിൽ ഇദ്ദേഹത്തെ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അമൻ കുമാർ ശർമയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെത്തുടർന്ന് അദ്ദേഹത്തിന്റെ സഹോദരീഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. വീടിനുള്ളിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ട ഇദ്ദേഹം ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
പൂണെയിലെ സിംബയോസിസ് ലോ കോളേജിൽ നിന്ന് നിയമബിരുദം (BA LLB) നേടിയ ശേഷം 2021 ജൂൺ 19-നാണ് അമൻ കുമാർ ശർമ ഡൽഹി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചത്. ജുഡീഷ്യൽ മജിസ്ട്രേറ്റ് (JMFC), സിവിൽ ജഡ്ജി എന്നീ നിലകളിൽ വിവിധ കോടതികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2025 ഒക്ടോബർ മുതൽ കാർകർദൂമ കോടതിയിൽ നോർത്ത് ഈസ്റ്റ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ (DLSA) ഫുൾ ടൈം സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുന്നതിനായി ഫോറൻസിക് സംഘവും പരിശോധന നടത്തി.
Story Summary: Aman Kumar Sharma, a 30-year-old Delhi Judicial Service officer and Secretary of DLSA at Karkardooma Courts, was found dead at his Safdarjung residence on Saturday. He was found hanging from a ceiling fan, and police suspect suicide as no foul play has been established so far. Sharma joined the service in 2021 after graduating from Symbiosis Law School, Pune. Police are investigating all angles of the incident.

