തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (M.V. Govindan). പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ കൃത്യമായി വിലയിരുത്തിയാൽ എൽ.ഡി.എഫിന്റെ വിജയസാധ്യതയാണ് കാണാൻ കഴിയുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. എല്ലാ സർവേകളിലും അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന ചോദ്യത്തിന് പിണറായി വിജയന്റെ പേരാണ് മുന്നിലുള്ളതെന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ തരംഗമില്ലെന്ന് എല്ലാ സർവേകളും സമ്മതിക്കുന്നുണ്ട്. കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം ഉൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങൾ രൂപപ്പെട്ടുകഴിഞ്ഞു. 60 മുതൽ 69 വരെ സീറ്റുകൾ കിട്ടുമെന്നാണ് ചില എക്സിറ്റ് പോളുകൾ പറയുന്നത്. ഇതിൽ പലതും എൽ.ഡി.എഫിന് വിജയിക്കാൻ എളുപ്പമുള്ള സീറ്റുകളാണെന്നും അദ്ദേഹം പറഞ്ഞു.
ജനവിധി അനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണിയെന്നും യാതൊരുവിധ ആശങ്കയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിക്ക് സംസ്ഥാനത്ത് ഒരു സീറ്റ് പോലും ലഭിക്കില്ല. ജനങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും എൽ.ഡി.എഫിനെ അധികാരത്തിലെത്തിക്കാനുള്ള ജനങ്ങളുടെ ആഗ്രഹമാണ് സർവേകളിൽ പ്രതിഫലിക്കുന്നതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. വോട്ടെണ്ണൽ നടക്കുന്ന നാലാം തീയതി യഥാർത്ഥ ജനവിധി വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
Story Summary: CPM State Secretary M.V. Govindan stated that there is no anti-incumbency in Kerala and expressed confidence that the LDF will return to power for a third term. He noted that exit polls showing Pinarayi Vijayan as the preferred CM choice indicate public support. Govindan also dismissed any UDF wave and predicted that the BJP would fail to win a single seat.

