തൃശൂർ: കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 32 എ ബാച്ചിലെ 60 സബ് ഇൻസ്പെക്ടർമാരുടെ (എസ്.ഐ) പാസിങ് ഔട്ട് പരേഡ് നടന്നു (SI Passing Out Parade). സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. ജനങ്ങളുടെ വിശ്വാസവും ആദരവും നേടുന്നതിനായിരിക്കണം സേന മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പരിശീലനം പൂർത്തിയാക്കിയ 60 പേരിൽ 47 പുരുഷന്മാരും 13 വനിതകളുമാണ് ഉള്ളത്. പുതിയ ബാച്ചിന്റെ വിദ്യാഭ്യാസ യോഗ്യത ശ്രദ്ധേയമാണ്:
ബിരുദാനന്തര ബിരുദം: 12 പേർ
ബിരുദം: 25 പേർ
സാങ്കേതിക വിദ്യ: 20 ബി.ടെക് ബിരുദധാരികളും 2 എം.ടെക് ബിരുദധാരികളും ഒരാൾ എം.ബി.എ ബിരുദധാരിയുമാണ്.
അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ സി.പി. അജിത്ത് കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. അക്കാദമി ഡയറക്ടർ സേതുരാമനും ചടങ്ങിൽ സന്നിഹിതനായിരുന്നു.വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് സംസ്ഥാന പൊലീസ് മേധാവി ട്രോഫികൾ സമ്മാനിച്ചു:
ബെസ്റ്റ് ഔട്ട്‌ഡോർ & ബെസ്റ്റ് ഷൂട്ടർ: എം.പി. നവനീത്
ബെസ്റ്റ് ഇൻഡോർ: കെ.പി. കീർത്തന
ബെസ്റ്റ് ഓൾറൗണ്ടർ: ബേസിൽ പോൾ
കുറ്റകൃത്യങ്ങളുടെ സ്വഭാവം മാറുകയാണെന്നും പുതിയ കാലത്തെ പൊലീസിംഗിന് സൈബർ പ്രാവീണ്യം അത്യന്താപേക്ഷിതമാണെന്നും ഡി.ജി.പി ഓർമ്മിപ്പിച്ചു. കുറ്റകൃത്യങ്ങൾ ഡിജിറ്റലാകുകയും പ്രാദേശിക സ്വഭാവം ഇല്ലാതാകുകയും ചെയ്യുന്ന സാഹചര്യത്തിൽ കുറ്റവാളികളെ തിരിച്ചറിയുന്നത് വെല്ലുവിളിയാണെന്നും കായികക്ഷമതയോടൊപ്പം സാങ്കേതിക പരിജ്ഞാനവും വർദ്ധിപ്പിക്കണമെന്നും അദ്ദേഹം പുതിയ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
Story Summary: The passing out parade of 60 Sub-Inspectors (32A batch) was held at the Kerala Police Academy in Thrissur. DGP Rawada Asad Chandrasekhar received the salute and emphasized the need for modern policing skills, especially in cyber technology and digital crime detection. The batch includes highly qualified officers, including 20 B.Tech and 2 M.Tech graduates. Navaneeth M.P., Keerthana K.P., and Basil Paul received top honours for their performance during training.

