ബെംഗളൂരു: മൈസൂരുവിലെ വിവിധ കോളേജ് ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് ഭക്ഷ്യയോഗ്യമല്ലാത്തതും വൃത്തിഹീനവുമായ ഭക്ഷണം നൽകുന്നതായി പരാതി. സംഭവത്തിൽ കെ.സി. വേണുഗോപാൽ എംപി ഇടപെട്ടു. കർണാടക ആരോഗ്യ മന്ത്രിയെ ഫോണിൽ വിളിച്ച അദ്ദേഹം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി.(Incident of serving unhygienic food to students, KC Venugopal MP intervenes, speaks to Karnataka Health Minister)
അഞ്ച് കോളേജുകളിലെ വിദ്യാർത്ഥികളാണ് ഹോസ്റ്റൽ ഭക്ഷണത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കറിയിൽ നിന്ന് തൂവലും ചോരയും, ചപ്പാത്തിയിൽ നിന്ന് പ്ലാസ്റ്റിക് കഷ്ണങ്ങൾ, ചോറിൽ നിന്ന് പാറ്റ എന്നിവ ലഭിച്ചതായി വിദ്യാർത്ഥികൾ പറയുന്നു. മോശം ഭക്ഷണം കഴിക്കുന്നത് മൂലം ഹോസ്റ്റലുകളിൽ ഭക്ഷ്യവിഷബാധ പതിവാണെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
പ്രതിവർഷം 80,000 രൂപയാണ് മെസ് ഫീസായി ഈടാക്കുന്നത്. ഇത്രയും വലിയ തുക വാങ്ങിയിട്ടും നൽകുന്നത് നിലവാരമില്ലാത്ത ഭക്ഷണമാണെന്നാണ് ആക്ഷേപം. ഹോസ്റ്റലിന് പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കില്ലെന്നും ഭക്ഷണം മോശമാണെന്ന് പരാതിപ്പെടുന്നവരെ അധികൃതർ ഭീഷണിപ്പെടുത്തുന്നതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ചോദ്യം ചെയ്യുന്നവരുടെ ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്നും സർട്ടിഫിക്കറ്റുകൾ നൽകില്ലെന്നും പറഞ്ഞ് അധികൃതർ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നു. ഏജൻസിയും കോളേജ് അധികൃതരും ഒത്തുകളിക്കുകയാണെന്ന് വിദ്യാർത്ഥികൾ ഒന്നടങ്കം പറയുന്നു.

