വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. ഭൂരിഭാഗം അമേരിക്കക്കാരും യുദ്ധത്തിന് എതിരാണെന്ന് വാഷിങ്ടൺ പോസ്റ്റ് – എബിസി – ഇപ്‌സോസ് സംയുക്തമായി നടത്തിയ സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു. 2006-ലെ ഇറാഖ് യുദ്ധത്തിനും 70-കളിലെ വിയറ്റ്‌നാം യുദ്ധത്തിനും ലഭിച്ചതിന് സമാനമായ കുറഞ്ഞ ജനപിന്തുണ മാത്രമാണ് ഈ സൈനിക നീക്കത്തിനും ലഭിക്കുന്നത്.(Iran war a mistake, Public sentiment against Trump is strong, survey reports)
സർവ്വേയിൽ പങ്കെടുത്ത 61 ശതമാനം പേരും ഇറാൻ യുദ്ധം തെറ്റായ തീരുമാനമാണെന്ന് അഭിപ്രായപ്പെട്ടു. വെറും 36 ശതമാനം ആളുകൾ മാത്രമാണ് ട്രംപിന്റെ നടപടിയെ പിന്തുണച്ചത്. യുദ്ധം വിജയമാണെന്ന് വിശ്വസിക്കുന്നത് വെറും 19 ശതമാനം പേർ മാത്രമാണ്. അതേസമയം 39 ശതമാനം പേർ ഇതൊരു പരാജയമാണെന്ന് കരുതുന്നു.
യുദ്ധം യുഎസ് സമ്പദ്‌വ്യവസ്ഥയെ തകർത്തുവെന്നും ജീവിതച്ചെലവ് വർദ്ധിപ്പിച്ചുവെന്നും സർവ്വേയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ഊർജ്ജ വില വർദ്ധിച്ചതിനെത്തുടർന്ന് 44 ശതമാനം പേർ വാഹന ഉപയോഗം കുറയ്ക്കുകയും 42 ശതമാനം പേർ വീട്ടുചെലവുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു. അനാവശ്യ യുദ്ധങ്ങളിൽ നിന്ന് രാജ്യം മാറിനിൽക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് വിരുദ്ധമാണ് ട്രംപിന്റെ ഇപ്പോഴത്തെ നീക്കമെന്ന് 46 ശതമാനം പേർ അഭിപ്രായപ്പെട്ടു. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെയാണ് യുദ്ധം മൂലമുണ്ടായ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പ്രതിവർഷം 50,000 ഡോളറിൽ താഴെ വരുമാനമുള്ളവരിൽ 59 ശതമാനം പേരും സാമ്പത്തിക പ്രതിസന്ധി മൂലം ചെലവുകൾ കുറയ്ക്കാൻ നിർബന്ധിതരായി.
രാജ്യവ്യാപകമായി എതിർപ്പ് ശക്തമാണെങ്കിലും ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്കിടയിൽ ട്രംപിന് ഇപ്പോഴും വലിയ പിന്തുണയുണ്ട്. 80 ശതമാനത്തോളം റിപ്പബ്ലിക്കൻ അനുയായികൾ ഇറാനെ ആക്രമിക്കാനുള്ള തീരുമാനത്തെ ശരിവെക്കുന്നു.ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് ആരംഭിച്ച ഈ സൈനിക നീക്കം പശ്ചിമേഷ്യയിൽ വലിയ മനുഷ്യനാശത്തിന് കാരണമായിരുന്നു.

