ന്യൂഡൽഹി: വിമാന ഇന്ധനത്തിന്റെ (ATF) വില കുത്തനെ ഉയർന്നതിനെത്തുടർന്ന് പ്രതിദിന സർവീസുകളിൽ പത്ത് ശതമാനത്തോളം കുറവ് വരുത്താൻ എയർ ഇന്ത്യ തീരുമാനിച്ചു. ലാഭകരമല്ലാത്ത റൂട്ടുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രതിദിനം നൂറോളം വിമാന സർവീസുകൾ റദ്ദാക്കാനാണ് എയർ ഇന്ത്യയുടെ തീരുമാനം.(Air India to cut 100 daily flights as fuel costs surge)
നിലവിൽ എയർ ഇന്ത്യ പ്രതിദിനം ഏകദേശം 1,100 സർവീസുകളാണ് നടത്തുന്നത്. പുതിയ തീരുമാനത്തോടെ ഇതിൽ പകുതിയോളം കുറയും. ആഭ്യന്തര, അന്തർദേശീയ സർവീസുകളെ ഈ തീരുമാനം ബാധിക്കുമെങ്കിലും ദീർഘദൂര വിദേശ യാത്രകളിലാണ് കൂടുതൽ നിയന്ത്രണം വരുന്നത്. ഇന്ധന ഉപഭോഗം കൂടുതലുള്ള യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിലാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ലണ്ടൻ, പാരിസ്, ന്യൂയോർക്ക്, ടൊറന്റോ, സാൻ ഫ്രാൻസിസ്കോ, സിഡ്നി, മെൽബൺ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കുറയും. ഡിമാൻഡ് കൂടുതലുള്ള സിംഗപ്പൂർ റൂട്ടിലും സർവീസുകൾ കുറഞ്ഞേക്കും. കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കുള്ളിൽ വിമാന ഇന്ധന വിലയിൽ ഏകദേശം 80 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. ഒരു വിമാനക്കമ്പനിയുടെ ആകെ ചിലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായി ചെലവാകുന്നതിനാൽ, വിലവർദ്ധനവ് കമ്പനിയുടെ ലാഭക്ഷമതയെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കാരണം വിമാനങ്ങൾക്ക് കൂടുതൽ ദൂരമുള്ള ആകാശപാതകൾ സ്വീകരിക്കേണ്ടി വരുന്നത് ഇന്ധനച്ചെലവ് ഇരട്ടിയാക്കുന്നു.
സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ കാരണമാകും. പ്രധാന അന്താരാഷ്ട്ര സെക്ടറുകളിൽ വിമാനങ്ങളുടെ എണ്ണം കുറയുന്നത് യാത്രക്കാർക്ക് വലിയ തിരിച്ചടിയാകും. യാത്രാ പ്ലാനുകളിൽ കുറഞ്ഞ ഫ്ലെക്സിബിലിറ്റിയും ദീർഘദൂര യാത്രകളിൽ കൂടുതൽ കാത്തിരിപ്പും വരാൻ ഇത് കാരണമാകും. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (FIA) വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ധനത്തിന്മേലുള്ള എക്സൈസ് ഡ്യൂട്ടിയും വാറ്റ് (VAT) നിരക്കും കുറച്ചില്ലെങ്കിൽ കൂടുതൽ സർവീസുകൾ നിർത്തലാക്കേണ്ടി വരുമെന്ന് ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളും മുന്നറിയിപ്പ് നൽകി.

