തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനെത്തിച്ച ആനയിടഞ്ഞ് പാപ്പാൻ കൊല്ലപ്പെട്ടു. രണ്ടാം പാപ്പാൻ പാലക്കാട് സ്വദേശി ശ്രീക്കുട്ടൻ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിലായിരുന്നു സംഭവം. ‘വാഴ്‌വാടി കാശിനാഥൻ’ എന്ന ആനയാണ് അക്രമാസക്തനായത്.(Another elephant attack shocks Kerala, Elephant attack in Koodalmanikyam Temple, tramples and kills mahout )
കഴിഞ്ഞ ദിവസം രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെ ഈ ആന വിരണ്ടിരുന്നു. അന്ന് രണ്ട് പേർക്ക് വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് പാപ്പാൻമാർ ആനയെ നിയന്ത്രിച്ച് കൊട്ടിലായ്ക്കൽ പറമ്പിൽ തളച്ചു. എന്നാൽ ഇന്ന് ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന, തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തിൽ ഒന്നാം പാപ്പാൻ അമലിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നെഞ്ചിന് ചവിട്ടേറ്റ ശ്രീക്കുട്ടൻ മരണത്തിന് കീഴടങ്ങി. അമൽ നിലവിൽ ചികിത്സയിലാണ്. ഉത്സവ പറമ്പിൽ ആന വീണ്ടും അക്രമാസക്തനായത് വലിയ പരിഭ്രാന്തി പരത്തി.

