ന്യൂഡൽഹി: അമേരിക്കയിലെ ഡിപോൾ സർവകലാശാലയിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയ ചന്ദു (26) എന്ന ഇന്ത്യൻ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. തൊഴിലില്ലായ്മയും വിസ സംബന്ധിച്ച അനിശ്ചിതത്വവും സാമ്പത്തിക സമ്മർദ്ദവുമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സുഹൃത്തുക്കളും പ്രവാസി സമൂഹവും നൽകുന്ന സൂചന.(Indian student commits suicide in US, fundraiser launched)
ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെപ്പോലെ വലിയ സ്വപ്നങ്ങളുമായാണ് ചന്ദു അമേരിക്കയിലെത്തിയത്. പഠനം പൂർത്തിയാക്കിയ ശേഷം ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. എന്നാൽ, ഒപ്‌ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് കാലയളവിൽ ജോലി കണ്ടെത്തേണ്ടി വരുന്നതിന്റെ സമ്മർദ്ദം, എച്ച്-1ബി വിസ സംബന്ധിച്ച പുതിയ നിയന്ത്രണങ്ങൾ, വർദ്ധിച്ചുവരുന്ന വിദ്യാഭ്യാസ കടം എന്നിവ ചന്ദുവിനെ മാനസികമായി തളർത്തിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ചന്ദുവിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനും അന്ത്യകർമ്മങ്ങൾ നടത്തുന്നതിനും സാമ്പത്തിക സഹായം തേടി ‘ഗോ ഫണ്ട് മീ’ വഴി ധനസമാഹരണം ആരംഭിച്ചു. രാജേഷ് ഗുർറം എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ ക്യാമ്പയിൻ ഇതിനോടകം 57,000 ഡോളറിലധികം സമാഹരിച്ചിട്ടുണ്ട്. 70,000 ഡോളറാണ് ആകെ ലക്ഷ്യമിടുന്നത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾക്കും യാത്രാച്ചെലവുകൾക്കുമായി ഏകദേശം 25,000 ഡോളറോളം ചിലവ് വരും. സാധാരണക്കാരായ ചന്ദുവിന്റെ മാതാപിതാക്കൾക്ക് ഈ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രവാസി സമൂഹം സഹായവുമായി എത്തിയത്.

