തിരുവനന്തപുരം: രാജ്യത്തിന്റെ പുരോഗതിക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യോജിച്ച് പ്രവർത്തിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. 77-ാമത് റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രവും സംസ്ഥാനവും തമ്മിൽ വിയോജിപ്പുകളുണ്ടാകാമെങ്കിലും അവ ശത്രുതയാകരുത്. സൗഹൃദപരമായ സഹകരണത്തിലൂടെ മാത്രമേ വികസനം സാധ്യമാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(The Centre and the State are not enemies, Governor’s call to move forward with friendship)
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ കേരളം രാജ്യത്ത് ഒന്നാമതാണെന്ന് ഗവർണർ പ്രശംസിച്ചു. ഈ നേട്ടങ്ങൾ നിലനിർത്താൻ കൂടുതൽ ഐക്യത്തോടെയുള്ള പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തവണ കേരളത്തിൽ നിന്ന് പത്മ പുരസ്കാരത്തിന് അർഹരായവരെ ഗവർണർ പേരെടുത്ത് അഭിനന്ദിച്ചു.
വി.എസിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകിയ കേന്ദ്ര സർക്കാർ നടപടിയിൽ അദ്ദേഹം നന്ദി അറിയിച്ചു. രാഷ്ട്രീയ-സാമൂഹിക രംഗത്ത് സമാനതകളില്ലാത്ത പാരമ്പര്യം തീർത്ത നേതാവാണ് വി.എസ് എന്ന് ഗവർണർ വിശേഷിപ്പിച്ചു.
കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തിൽ, സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കേരളത്തിൽ നൂറ് ശതമാനം പോളിങ് ലക്ഷ്യമിടണം. നമ്മുടെ ഭാവി തീരുമാനിക്കേണ്ടത് നമ്മളാണ്. തെരഞ്ഞെടുപ്പിൽ എല്ലാവരും പങ്കാളികളാകുന്നുവെന്ന് ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കണമെന്നും ഗവർണർ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിലായിരുന്നു ഗവർണറുടെ ഈ നിർണ്ണായകമായ സന്ദേശം.



