ന്യൂഡൽഹി: ഗ്രേറ്റർ നിക്കോബാർ വികസന പദ്ധതി ഇന്ത്യയുടെ സൈനിക കരുത്തിന് അത്യന്താപേക്ഷിതമാണെന്ന് മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ (റിട്ട.) ആർ.കെ.എസ് ഭദൗരിയ. പദ്ധതിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ബിജെപി അംഗം കൂടിയായ അദ്ദേഹം. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമുദ്രപാതകളുടെ നിയന്ത്രണം എത്രത്തോളം പ്രധാനമാണെന്ന് രാജ്യം തിരിച്ചറിഞ്ഞതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.(Former Air Chief says Greater Nicobar project important for ‘military footprint’)
മലാക്ക കടലിടുക്കിന് വെറും 150 കിലോമീറ്റർ മാത്രം അകലെയാണ് ഈ പ്രദേശം. ചൈനയുടെ ഊർജ്ജ ഇറക്കുമതിയുടെ 75 ശതമാനവും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഈ മേഖലയിൽ ഇന്ത്യയുടെ നാവിക-വ്യോമ ആധിപത്യം വർദ്ധിക്കും. ഹോർമൂസ് കടലിടുക്ക് അടച്ചുപൂട്ടിയതുപോലെയുള്ള സാഹചര്യങ്ങൾ ഉണ്ടായാൽ ഇന്ത്യയുടെ പ്രതിരോധത്തിനും തന്ത്രപ്രധാനമായ നീക്കങ്ങൾക്കും ഈ പോർട്ട് കരുത്താകും.
ഏകദേശം 81,000 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഈ പദ്ധതിയിൽ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ, പവർ പ്ലാന്റ്, ടൗൺഷിപ്പ് എന്നിവ ഉൾപ്പെടുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാൻ കൃത്യമായ സമിതികളും നിയമപരമായ അനുമതികളും ഉണ്ടെന്ന് ഭദൗരിയ വ്യക്തമാക്കി. വികസന പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വാഭാവികമായും സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, ഗ്രേറ്റർ നിക്കോബാർ സന്ദർശിച്ച രാഹുൽ ഗാന്ധി പദ്ധതിയെ രൂക്ഷമായി വിമർശിച്ചിരുന്നു. വികസനം എന്ന പേരിൽ നടത്തുന്ന നശീകരണമാണിത്. രാജ്യത്തെ ഗോത്രവർഗ പൈതൃകത്തിനും പ്രകൃതിക്കും എതിരായ ഏറ്റവും വലിയ കുറ്റകൃത്യങ്ങളിൽ ഒന്നാണിത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. 160 ചതുരശ്ര കിലോമീറ്റർ മഴക്കാടുകൾ നശിപ്പിക്കപ്പെടുമെന്നും ലക്ഷക്കണക്കിന് മരങ്ങൾ വെട്ടിമാറ്റപ്പെടുമെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയം പാർലമെന്റിൽ ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

