കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിലേക്ക് സംസ്ഥാനം നീങ്ങവെ, പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് തെരുവിലിറങ്ങിയതോടെ കൊൽക്കത്ത നഗരം അർദ്ധരാത്രിയിലും പ്രതിഷേധച്ചൂടിലായി.(Midnight drama in Bengal, Mamata Banerjee guards strong room; BJP blocks vehicle)
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൻ്റെ വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞതോടെയാണ് ഭവാനിപൂരിൽ നാടകീയ രംഗങ്ങൾ തുടങ്ങിയത്. മുഖ്യമന്ത്രിയുടെ വാഹനത്തിൽ സംശയാസ്പദമായ രീതിയിൽ സാധനങ്ങൾ കടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം. സ്ട്രോങ് റൂമുകൾക്ക് ചുറ്റും ജാഗ്രത പാലിക്കാനും വോട്ടെണ്ണൽ ദിവസം വരെ കാവൽ നിൽക്കാനും ബിജെപി നേതൃത്വം തങ്ങളുടെ പ്രവർത്തകർക്ക് ആഹ്വാനം നൽകിയിട്ടുണ്ട്.
സൗത്ത് കൊൽക്കത്തയിലെ സഖാവത്ത് മെമ്മോറിയൽ സ്കൂളിലെ സ്ട്രോങ് റൂമിൽ വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ നീക്കം നടക്കുന്നുവെന്നാരോപിച്ച് മമത ബാനർജി നേരിട്ടെത്തി. ഇവിഎം സൂക്ഷിച്ചിരിക്കുന്ന റൂമുകൾ അനുവാദമില്ലാതെ തുറന്നുവെന്നാണ് തൃണമൂലിന്റെ പ്രധാന ആരോപണം.
വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ ബിജെപി പദ്ധതിയിടുന്നുണ്ട്. പ്രവർത്തകർ സ്ട്രോങ് റൂമുകൾക്ക് കാവലിരിക്കണം. ആവശ്യമെങ്കിൽ ഞാൻ തന്നെ നേരിട്ട് കാവൽ നിൽക്കും, മമത ബാനർജി വ്യക്തമാക്കി. വിവാദങ്ങൾ കൊഴുക്കുന്നതിനിടെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി. തൃണമൂലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബംഗാൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മനോജ് കുമാർ അഗർവാൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇവിഎം സൂക്ഷിച്ച സ്ട്രോങ് റൂമുകൾ ഒന്നും തന്നെ തുറന്നിട്ടില്ല. പോസ്റ്റൽ ബാലറ്റുകൾ വേർതിരിക്കുന്ന സാധാരണ നടപടിയാണ് നടന്നത്. ഇത് എല്ലാ രാഷ്ട്രീയ പാർട്ടികളെയും നേരത്തെ അറിയിച്ചിട്ടുള്ളതാണ്. സ്ഥാനാർത്ഥിയല്ലാത്ത മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളിൽ പ്രവേശിക്കാൻ മുഖ്യമന്ത്രിക്ക് അനുമതിയില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും.

