തിരുവനന്തപുരം: തൃശൂർ കടമ്പോട് വീട്ടിൽ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനോഷ് (10) പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു (Thrissur Snake Bite Anosh Recovery). അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അനോഷ്, രണ്ടാഴ്ച നീണ്ട പോരാട്ടത്തിനൊടുവിലാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഏപ്രിൽ 18-നായിരുന്നു അനോഷിനെയും സഹോദരൻ ആൽജോയെയും വെള്ളിക്കെട്ടൻ പാമ്പ് കടിച്ചത്.
ശ്വസനനാളത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തിരുന്ന അനോഷ് ഇപ്പോൾ പരസഹായമില്ലാതെ നടക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങിയതായി ഡോക്ടർമാർ അറിയിച്ചു. ചികിത്സാ ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കുമെന്ന് അറിയിച്ചിരുന്നു. മെസി ആരാധകനായ അനോഷിന് അർജന്റീനയുടെ ജേഴ്സിയും ഫുട്ബോളും സമ്മാനിച്ചാണ് ആശുപത്രി ജീവനക്കാർ യാത്രയയപ്പ് നൽകിയത്. “പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി” എന്ന് ആശുപത്രി വിടുന്നതിനിടെ അനോഷ് പ്രതികരിച്ചു.
ഏപ്രിൽ 18-ന് രാത്രി വീടിന്റെ ഹാളിൽ ഉറങ്ങുന്നതിനിടെയാണ് അനോഷിനും എട്ടു വയസ്സുകാരനായ സഹോദരൻ ആൽജോയ്ക്കും പാമ്പുകടിയേറ്റത്. നിർഭാഗ്യവശാൽ ആൽജോ ചികിത്സയ്ക്കിടെ മരണപ്പെട്ടിരുന്നു. പുലർച്ചെ കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ഭക്ഷ്യവിഷബാധയാണെന്ന് കരുതി വീട്ടുകാർ ഉലുവ വെള്ളം നൽകി ഉറക്കിയിരുന്നു. എന്നാൽ രാവിലെ നില വഷളായതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്.
കുട്ടികൾ കിടന്നിരുന്ന തലയണയുടെ അടിയിൽ നിന്ന് വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തിയത് കൃത്യമായ ചികിത്സ നൽകാൻ സഹായകമായി. സഹോദരന്റെ വിയോഗത്തിനിടയിലും അനോഷ് ജീവിതത്തിലേക്ക് തിരിച്ചുവന്നത് കുടുംബത്തിനും നാടിനും ആശ്വാസമായി.
Story Summary: 10-year-old Anosh, who was critically injured by a krait bite while sleeping at his home in Thrissur, has been discharged from the hospital after a successful recovery. While his younger brother Aljo tragically passed away, Anosh regained health through intensive medical care supported by the state government.

