ന്യൂഡൽഹി: രാജ്യത്തെ പുകയില വിപണിയിൽ സിഗരറ്റ് വില മെയ് മാസം മുതൽ വീണ്ടും വർധിക്കാൻ പോകുന്നു. ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചതിനെത്തുടർന്ന് വില കൂട്ടിയിരുന്നുവെങ്കിലും, ലാഭവിഹിതം നിലനിർത്താനായി കമ്പനികൾ വീണ്ടും വില വർധനവിന് ഒരുങ്ങുകയാണ്.(Cigarette Price Hike By Up To 17% Likely From May 1)
റിപ്പോർട്ടുകൾ പ്രകാരം പ്രമുഖ ബ്രാൻഡുകളുടെ വിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. ഗോൾഡ് ഫ്ലേക്ക് പ്രീമിയം നിലവിൽ 115 രൂപയുള്ള പാക്കറ്റ് വില 135 രൂപയായി ഉയർന്നേക്കും. കിംഗ് സൈസ് സിഗരറ്റുകളിൽ ക്ലാസിക്, ഗോൾഡ് ഫ്ലേക്ക് കിംഗ്‌സ്, മാർൾബോറോ തുടങ്ങിയ പ്രീമിയം ബ്രാൻഡുകളുടെ വിലയിലും കാര്യമായ വർധനവുണ്ടാകും.
നേരത്തെ നടന്ന നികുതി വർധനയെത്തുടർന്ന് കിംഗ് സൈസ് സിഗരറ്റുകളുടെ ഒരു സ്റ്റിക് വില 20 രൂപയിൽ നിന്ന് 25-28 രൂപയായി ഉയർന്നിരുന്നു. പുതിയ വർധനവ് കൂടി വരുമ്പോൾ ഇത് ഇനിയും കൂടും. ഈ വർഷം ആദ്യം സിഗരറ്റുകളുടെ എക്സൈസ് ഡ്യൂട്ടിയിൽ സർക്കാർ 30-40 ശതമാനം വർധന വരുത്തിയിരുന്നു. ഇതോടെ വില കൂടിയതിനെത്തുടർന്ന് ഏപ്രിൽ മാസത്തിൽ സിഗരറ്റ് വിൽപ്പനയിൽ ഇടിവുണ്ടായി. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ വിൽപ്പനയിൽ 20 ശതമാനം വരെ കുറവുണ്ടായതായാണ് ഡീലർമാരുടെ കണക്ക്. നികുതി വർധന മൂലമുള്ള സാമ്പത്തിക ഭാരം മറികടക്കാനും ലാഭം കുറയാതിരിക്കാനുമാണ് കമ്പനികൾ വീണ്ടും വില കൂട്ടുന്നത്.

