വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള ആദ്യഘട്ട വീട് വിതരണത്തിനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കി. കൽപ്പറ്റയിൽ നിർമ്മിച്ച ടൗൺഷിപ്പിലെ വീടുകൾ സുതാര്യമായ നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കൾക്ക് തന്നെ തിരഞ്ഞെടുക്കാം.(Wayanad Township, 178 houses to be handed over in the first phase)
ദുരന്തത്തിൽ ഉറ്റവരും ഉടയവരും സകല സമ്പാദ്യവും നഷ്ടപ്പെട്ടവർക്കാണ് വീട് വിതരണത്തിൽ മുൻഗണന നൽകുന്നത്. ഗുണഭോക്താക്കൾക്ക് സ്വന്തം വീട് നറുക്കെടുപ്പിലൂടെ നേരിട്ട് തിരഞ്ഞെടുക്കാം. കൽപ്പറ്റയിൽ നടന്ന സർവകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
ടൗൺഷിപ്പിന്റെ ഉദ്ഘാടന തീയതി നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തീരുമാനിക്കും. മന്ത്രി ഒ.ആർ. കേളുവും ടി. സിദ്ധിഖ് എംഎൽഎയും ടൗൺഷിപ്പിലെത്തി നിർമ്മാണ പുരോഗതി വിലയിരുത്തി.
ദുരന്തബാധിതർക്ക് നൽകി വരുന്ന ജീവനോപാധി സഹായം സർക്കാർ നീട്ടി ഉത്തരവിറക്കി. ഒരു കുടുംബത്തിലെ രണ്ട് പേർക്ക് ദിവസം 300 രൂപ വീതം മാസം 9000 രൂപ നൽകുന്നത് തുടരും. കിടപ്പുരോഗികളുള്ള കുടുംബമാണെങ്കിൽ മൂന്ന് പേർക്ക് സഹായം ലഭിക്കും.



