തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്. കെപിസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ വിമല ബിനുവിനെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് പരാതി നൽകി. (Chief Minister dispute intensifies in Congress, Complaint seeking removal of KPCC Digital Media Coordinator)
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പക്ഷക്കാരിയായ വിമലയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ ചെയർമാൻ രജിത്ത് രവീന്ദ്രനാണ് പരാതി നൽകിയത്. പാർട്ടിയിലെ മുതിർന്ന നേതാക്കളെ സോഷ്യൽ മീഡിയയിലൂടെ അവഹേളിക്കാൻ നിർദ്ദേശം നൽകിയെന്നാണ് പ്രധാന ആരോപണം.
വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ നേതാക്കളെ വ്യക്തിഹത്യ ചെയ്യാൻ ഇവർ പ്രേരിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. വി.ഡി. സതീശന്റെ പേര് ദുരുപയോഗം ചെയ്ത് പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. വിമല ബിനുവിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചും പരാതിയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.

