മലപ്പുറം: വന്യമൃഗശല്യത്തിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ ഒരുക്കിയ മുൻകരുതൽ കർഷകന്റെ തന്നെ ജീവനെടുത്തു (Malappuram Farmer death). മലപ്പുറം പരിയാപുരം പട്ടിക്കുന്ന് സ്വദേശി കല്ലിപ്പറമ്പൻ അബ്ദുൽ അസീസ് (54) ആണ് ഷോക്കേറ്റ് മരിച്ചത്.
പാട്ടത്തിനെടുത്ത ഭൂമിയിൽ അബ്ദുൽ അസീസ് വാഴകൃഷി നടത്തിവരികയായിരുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായതിനെത്തുടർന്ന് ഇവയെ തുരത്താനായി കൃഷിയിടത്തിന് ചുറ്റും വൈദ്യുതി കമ്പികൾ സ്ഥാപിച്ചിരുന്നു. വീട്ടിൽ നിന്ന് പോയ അസീസിനെ ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തിയത്.
അസീസിന്റെ മൃതദേഹത്തിന് സമീപത്തായി ഒരു കാട്ടുപന്നിയെയും ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പന്നിയെ കുടുക്കാൻ വെച്ച കമ്പിയിൽ അബദ്ധത്തിൽ തട്ടിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Story Summary: A 54-year-old farmer, Abdul Azeez, was electrocuted to death in Malappuram after accidentally coming into contact with an electric fence he had set up to protect his crops. The body of a wild boar was also found dead near him at the farmland in Pariyapuram.

