ന്യൂയോർക്ക്: സ്മാർട്ട്‌ഫോൺ ലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഓപ്പൺ എഐയുടെ പുതിയ നീക്കം (OpenAI Smartphone). നിലവിൽ ആപ്പിൾ, സാംസങ് തുടങ്ങിയ കമ്പനികളുടെ പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ച് മാത്രം പ്രവർത്തിക്കുന്ന രീതിക്ക് പകരം ഉപയോക്താക്കളിലേക്ക് നേരിട്ടെത്താനാണ് കമ്പനി സ്വന്തം ഹാർഡ്‌വെയർ നിർമ്മാണത്തിലേക്ക് കടക്കുന്നത്.
ഈ ഫോണിൽ പരമ്പരാഗതമായ ആപ്പുകൾക്ക് പകരം ‘AI ഏജന്റുകൾ’ ആയിരിക്കും പ്രവർത്തിക്കുക. ഉപയോക്താവിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി സ്വയം കാര്യങ്ങൾ ചെയ്യാൻ ഈ ഏജന്റുകൾക്ക് സാധിക്കും. ഫോണിനായി പ്രത്യേക പ്രോസസ്സറുകൾ വികസിപ്പിക്കാൻ ക്വാൽകോം, മീഡിയടെക് എന്നിവരുമായി ചർച്ചകൾ നടക്കുകയാണെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാകും (OS) ഫോൺ പ്രവർത്തിക്കുക.
അതേസമയം , മുൻ ആപ്പിൾ ഡിസൈനർ ജോണി ഐവ് ഈ പ്രോജക്റ്റിൽ സഹകരിക്കുന്നുണ്ടെന്ന വാർത്തകൾ ഫോണിന്റെ ഡിസൈനിനെക്കുറിച്ച് വലിയ പ്രതീക്ഷകൾ നൽകുന്നു.
എന്തുകൊണ്ട് സ്വന്തം ഫോൺ?
നിലവിൽ ചാറ്റ് ജിപിടി (ChatGPT) പോലുള്ള സേവനങ്ങൾക്ക് തേർഡ് പാർട്ടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കേണ്ടി വരുന്നത് കമ്പനിയുടെ വളർച്ചയെ പരിമിതപ്പെടുത്തുന്നുണ്ടെന്നാണ് ഓപ്പൺ എഐയുടെ വിലയിരുത്തൽ. ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും പൂർണ്ണമായും നിയന്ത്രിക്കുന്നതിലൂടെ മാത്രമേ കൂടുതൽ കാര്യക്ഷമമായ എഐ സേവനങ്ങൾ നൽകാൻ കഴിയൂ എന്ന് കമ്പനി കരുതുന്നു.
സാംസങും ആപ്പിളും തങ്ങളുടെ ഫോണുകളിൽ എഐ ഫീച്ചറുകൾ ശക്തമാക്കുന്നതിനിടയിലാണ് ഓപ്പൺ എഐയുടെ ഈ പുതിയ ചുവടുവെപ്പ്. എന്നാൽ 2028-ൽ മാത്രമേ ഈ ഫോൺ വിപണിയിലെത്തുകയുള്ളൂ എന്നതിനാൽ ആഗോള സ്മാർട്ട്‌ഫോൺ വിപണിയിൽ ഇത് എത്തരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.
Story Summary: OpenAI is reportedly planning to enter the smartphone market by 2028 to compete with giants like Apple and Samsung. According to analyst Ming-Chi Kuo, the phone will replace traditional apps with advanced AI agents and may run on a custom operating system. OpenAI is in talks with Qualcomm and MediaTek for custom processors, and former Apple designer Jony Ive is expected to influence the hardware design. The move aims to provide a direct platform for OpenAI’s models without depending on third-party hardware.

