ന്യൂഡൽഹി: സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്ത രേഖ ഗുപ്ത സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് അതിഷി. ഇതിനുപുറമെ, ഏഴ് ആം ആദ്മി പാർട്ടി രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്ന നടപടിയെ അംഗീകരിച്ച രാജ്യസഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനം ‘ഭരണഘടനാ വിരുദ്ധ’മാണെന്നും അവർ ആരോപിച്ചു.(Atishi attacks Delhi BJP government over monthly allowance for women, AAP MPs defection)
വാർത്താ സമ്മേളനത്തിൽ അതിഷി ബിജെപിയുടെ വാഗ്ദാനങ്ങളെ അക്കമിട്ട് നിരത്തി. കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഡൽഹിയിലെ സ്ത്രീകൾക്ക് 2025 മാർച്ച് 8 മുതൽ ബാങ്ക് അക്കൗണ്ടുകളിൽ 2500 രൂപ എത്തിക്കുമെന്ന് ബിജെപി ഉറപ്പുനൽകിയിരുന്നു. 2025 മാർച്ച് 8 കടന്നുപോയി, ഇപ്പോൾ 2026 മാർച്ച് 8-ഉം കഴിഞ്ഞു. എന്നാൽ ഡൽഹിയിലെ ഒരു സ്ത്രീയുടെയും അക്കൗണ്ടിൽ പണം എത്തിയിട്ടില്ല, മുൻ മുഖ്യമന്ത്രി കൂടിയായ അതിഷി പറഞ്ഞു.
മുമ്പ് ഡിടിസി ബസുകളിൽ എളുപ്പത്തിൽ യാത്ര ചെയ്തിരുന്ന സ്ത്രീകൾ ഇപ്പോൾ പിങ്ക് കാർഡുകൾക്കായി ക്യൂ നിൽക്കേണ്ടി വരികയാണെന്നും സൗജന്യ ചികിത്സയും മരുന്നുകളും ലഭ്യമാക്കാൻ ബുദ്ധിമുട്ടുകയാണെന്നും അവർ ആരോപിച്ചു. രാജ്യസഭയിലെ ഏഴ് എ എ പി എംപിമാർ ബിജെപിയിൽ ചേർന്നതിനെ അംഗീകരിച്ച നടപടിക്കെതിരെ അതിഷി രംഗത്തെത്തി. ഒരു ലയനം അംഗീകരിക്കപ്പെടണമെങ്കിൽ യഥാർത്ഥ രാഷ്ട്രീയ പാർട്ടി മറ്റൊന്നിൽ ലയിക്കുകയും കുറഞ്ഞത് മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ ഉണ്ടാവുകയും വേണമെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. പാർട്ടിയുടെ ലയനം ഇല്ലാതെ എംപിമാർ മാത്രമായി ചേരുന്നത് കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണെന്ന് അതിഷി ചൂണ്ടിക്കാട്ടി. മൂന്നിൽ രണ്ട് അംഗങ്ങൾ ഉണ്ടെന്ന കാരണത്താൽ മാത്രം പാർട്ടി ലയിക്കാതെ ഇത്തരമൊരു നീക്കം നടത്താൻ ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

