അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിന്റെ മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നാസ ബഹിരാകാശ സഞ്ചാരി ക്രിസ് വില്യംസ് (Green Lights Arabian Sea ISS). രാത്രിയിൽ അറബിക്കടലിന്റെ ഉപരിതലത്തിൽ തെളിഞ്ഞുനിൽക്കുന്ന നിഗൂഢമായ പച്ച വെളിച്ചത്തിന്റെ കൂട്ടങ്ങളാണ് ചിത്രത്തിലുള്ളത്. ഇവ എന്താണെന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.
ഈ പച്ച വെളിച്ചം അന്യഗ്രഹ ജീവികളോ കടലിനടിയിലെ അത്ഭുതങ്ങളോ അല്ല. മറിച്ച് കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന ബോട്ടുകളിൽ നിന്നുള്ള പ്രകാശമാണിത്. നീരാളി വർഗ്ഗത്തിൽപ്പെട്ട കണവകളെയും മറ്റ് മത്സ്യങ്ങളെയും ആകർഷിക്കാനായി മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന തീവ്രതയേറിയ പച്ച എൽ.ഇ.ഡി വിളക്കുകളാണിവ. ഈ പ്രകാശം കണ്ട് ആകൃഷ്ടരായി എത്തുന്ന പ്ലവകങ്ങളെയും ചെറുമത്സ്യങ്ങളെയും പിടികൂടാനാണ് ഈ മാർഗ്ഗം ഉപയോഗിക്കുന്നത്. ബഹിരാകാശ നിലയത്തിൽ നിന്ന് നോക്കുമ്പോൾ നഗരങ്ങളിലെ മഞ്ഞ വെളിച്ചത്തിനും കടലിന്റെ കറുത്ത നിറത്തിനും ഇടയിൽ മരതക പച്ച നിറത്തിലുള്ള പൊട്ടുകൾ പോലെ ഇവ മനോഹരമായി കാണപ്പെടുന്നു.
View this post on Instagram
നാസയുടെ എക്സ്പെഡിഷൻ 74-ലെ അംഗമായ ക്രിസ് വില്യംസ്, ബഹിരാകാശ നിലയത്തിലെ ജനലിലൂടെ നോക്കിയപ്പോഴാണ് ഈ ദൃശ്യം ക്യാമറയിൽ പകർത്തിയത്. “വീട്” എന്നും “മനോഹരമായ കാഴ്ച” എന്നും വിശേഷിപ്പിച്ചുകൊണ്ട് നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്.
Summary: NASA astronaut Chris Williams shared a stunning image from the International Space Station showing mysterious neon-green lights off India’s west coast. These lights, visible from orbit, are actually from commercial fishing fleets using powerful green LED lamps to attract squid and other fish. The intense emerald glow creates a spectacular contrast against the dark Arabian Sea and yellow city lights along the coastline.

