തിരുവനന്തപുരം: കേരളത്തിൽ കടുത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.(Summer rains are coming to the state as a relief from the intense heat)
വ്യാഴാഴ്ച: കണ്ണൂർ, കാസർഗോഡ്, വെള്ളിയാഴ്ച: പത്തനംതിട്ട, ഇടുക്കി, വയനാട്, ശനിയാഴ്ച: ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിങ്ങനെയാണ് മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
മഴയുടെ സൂചനകൾക്കിടയിലും സംസ്ഥാനത്ത് ഇന്നും കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്—39.9°C. കൊല്ലം (പുനലൂർ): 37.6°C, കോഴിക്കോട്, കണ്ണൂർ: 37.2°C, പാലക്കാട് ജില്ലയിൽ താപനില 40°C വരെയും കൊല്ലത്ത് 39°C വരെയും ഉയർന്നേക്കാമെന്ന് മുന്നറിയിപ്പുണ്ട്. നിലവിൽ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനിലയുടെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ യെല്ലോ അലർട്ട് തുടരുകയാണ്.

