ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയ്ക്ക് സമീപം ബെക്കാസി റെയിൽവേ സ്റ്റേഷനിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു (Indonesia Train Crash Jakarta). തിങ്കളാഴ്ച രാത്രി വൈകിയുണ്ടായ അപകടത്തിൽ 84-ലധികം പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ജക്കാർത്തയിൽ നിന്ന് സിക്കാരംഗിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിനും, ജക്കാർത്ത-സുരബായ റൂട്ടിലോടുന്ന പ്രീമിയം ഹൈസ്പീഡ് ട്രെയിനായ ‘അർഗോ ബ്രോമോ അൻഗ്രെക്കും’ തമ്മിലാണ് കൂട്ടിയിടിച്ചത്.
ലെവൽ ക്രോസിംഗിൽ വെച്ച് ഒരു ടാക്സി ലോക്കൽ ട്രെയിനിൽ തട്ടിയതിനെത്തുടർന്ന് ട്രെയിൻ ട്രാക്കിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഈ സമയത്താണ് പിന്നാലെ വേഗതയിലെത്തിയ ദീർഘദൂര ട്രെയിൻ ലോക്കൽ ട്രെയിനിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ തകർന്നുപോയ കോച്ചുകൾക്കിടയിൽ നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇവരെ പുറത്തെടുക്കാനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
ദേശീയ തിരച്ചിൽ-രക്ഷാ ഏജൻസി അംഗങ്ങൾ ഗ്യാസ് കട്ടറുകളും ആംഗിൾ ഗ്രൈൻഡറുകളും ഉപയോഗിച്ച് ട്രെയിനിന്റെ ലോഹഭാഗങ്ങൾ മുറിച്ചുമാറ്റിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ബോഗികൾക്ക് കനത്ത നാശനഷ്ടം സംഭവിച്ചതും സ്ഥലപരിമിതിയും രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാക്കുന്നുണ്ട്. പരിക്കേറ്റ 84 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്തോനേഷ്യൻ റെയിൽ ശൃംഖലയിൽ സുരക്ഷാ വീഴ്ചകൾ മൂലം മുൻപും സമാനമായ വലിയ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
Summary: At least 14 people were killed and over 80 injured after a commuter train and a high-speed long-distance train collided at Bekasi station near Jakarta, Indonesia. The accident occurred late Monday night after a taxi clipped the commuter train, causing it to stall on the tracks. Rescue teams from BASARNAS are working to free passengers trapped in the mangled wreckage using heavy cutting equipment. This incident highlights ongoing safety concerns within Indonesia’s rail network.

