റിയോ ഡി ജനീറോ: ബ്രസീലിലെ വിഖ്യാതമായ കൊപകബാന ബീച്ചിൽ ഗായിക ഷക്കീറയുടെ സംഗീത പരിപാടിക്കായി സ്റ്റേജ് നിർമ്മിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നിർമ്മാണ തൊഴിലാളി കൊല്ലപ്പെട്ടു (Shakira Concert Accident). വേദിയുടെ നിർമ്മാണത്തിനായി ലിഫ്റ്റ് ഉപയോഗിച്ച് ഉയർത്തിയ ഭാരമേറിയ ലോഹഭാഗം തൊഴിലാളിയുടെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു.
ഞായറാഴ്ച നടന്ന അപകടത്തിൽ തൊഴിലാളിയുടെ അരയ്ക്ക് താഴെയുള്ള ഭാഗത്താണ് ലോഹഭാഗം വീണത്. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്നവർ പ്രഥമശുശ്രൂഷ നൽകുകയും തൊട്ടടുത്തുള്ള മുനിസിപ്പൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ചികിത്സയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. പീപ്പിൾ മാഗസിനാണ് മ്യൂസിക് കൺസേർട്ട് സംഘാടകരെ ഉദ്ധരിച്ച് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
അപകടത്തിൽ തൊഴിലാളിക്ക് ഗുരുതരമായ പരിക്കേറ്റിരുന്നുവെന്ന് പ്രാദേശിക ഫയർ ഫോഴ്‌സ് അറിയിച്ചു. എമർജൻസി ടീം എത്തുന്നതിന് മുൻപ് തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആംബുലൻസിലെ മെഡിക്കൽ സംഘം സാധ്യമായ എല്ലാ പരിചരണവും നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച തൊഴിലാളിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും സംഗീത പരിപാടിയുടെ സംഘാടകർ പ്രസ്താവനയിലൂടെ അറിയിച്ചു. ലോകപ്രശസ്തമായ കൊപകബാന ബീച്ചിൽ വൻ ജനപങ്കാളിത്തത്തോടെ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടിയുടെ ഒരുക്കങ്ങൾക്കിടെയുണ്ടായ ഈ അപകടം വലിയ വാർത്തയായിരിക്കുകയാണ്.
Story Summary: A construction worker died in an accident while setting up the stage for Colombian singer Shakira’s concert at Copacabana Beach in Rio de Janeiro, Brazil. A heavy metal part lifted by a hoist fell on the worker, causing severe injuries. Although he was rushed to a municipal hospital and received emergency care, he later passed away. The concert organizers confirmed the news and offered support to the victim’s family.

