ന്യൂഡൽഹി: പാർട്ടിയിലുണ്ടായ ആഭ്യന്തര കലഹം പരിഹരിക്കാൻ അരവിന്ദ് കെജ്രിവാൾ അടിയന്തര നീക്കങ്ങൾ ആരംഭിച്ചു. പഞ്ചാബിലെയും ഡൽഹിയിലെയും എം.എൽ.എമാരുമായി അദ്ദേഹം ഉടൻ കൂടിക്കാഴ്ച നടത്തും. മുതിർന്ന നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നതും പഞ്ചാബ് ഘടകത്തിലെ അതൃപ്തിയുമാണ് നേതൃത്വത്തെ ആശങ്കയിലാക്കുന്നത്.(Major crisis in AAP, Kejriwal comes directly to resolve the problem, will meet MLAs )
ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള ഏഴ് രാജ്യസഭാ എം.പിമാരെ അയോഗ്യരാക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് സഞ്ജയ് സിംഗ് എം.പി രാജ്യസഭാ അധ്യക്ഷന് കത്ത് നൽകി. പാർട്ടി വിട്ട എം.പിമാരുടെ വഞ്ചനയ്ക്കെതിരെ ആം ആദ്മി പ്രവർത്തകർ തെരുവിലിറങ്ങി. ഇതിനിടെ, മുൻ ക്രിക്കറ്റ് താരം കൂടിയായ ഹർഭജൻ സിംഗിന്റെ സുരക്ഷ കേന്ദ്ര സർക്കാർ ഉയർത്തി.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ രാഷ്ട്രപതിയെ കാണാൻ അനുമതി തേടിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ഇത് കേന്ദ്ര-സംസ്ഥാന ബന്ധത്തിലെ വിള്ളൽ കൂടുതൽ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ മുതിർന്ന നേതാക്കൾ എ.എ.പി വിട്ട് ബിജെപിയിലേക്ക് പോകുമെന്ന സൂചനകൾ ശക്തമാണ്.

