Description
Digital Voice of Kerala
Sunday, April 26, 2026

Digital Voice of Kerala
HomeEntertainment'കാന്താര' വിവാദം: രൺവീർ സിംഗിൻ്റെ മാപ്പപേക്ഷ അംഗീകരിച്ച് കർണാടക ഹൈക്കോടതി, 4...

‘കാന്താര’ വിവാദം: രൺവീർ സിംഗിൻ്റെ മാപ്പപേക്ഷ അംഗീകരിച്ച് കർണാടക ഹൈക്കോടതി, 4 ആഴ്ചയ്ക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ ദർശനം | Ranveer Singh

🎙️ Latest Podcast

ബെംഗളൂരു: ‘കാന്താര’ സിനിമയിലെ വരാഹരൂപം എന്ന രംഗത്തെ അനുകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ബോളിവുഡ് നടൻ രൺവീർ സിംഗിന്റെ മാപ്പപേക്ഷ കർണാടക ഹൈക്കോടതി അംഗീകരിച്ചു. പ്രായശ്ചിത്തമായി മൈസൂരുവിലെ ചാമുണ്ഡി ഹിൽ ക്ഷേത്രം സന്ദർശിക്കാമെന്ന നടന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. അടുത്ത നാല് ആഴ്ചയ്ക്കുള്ളിൽ ക്ഷേത്രദർശനം നടത്തണമെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന നിർദ്ദേശിച്ചു.(Kantara mimicry row, Court quashes FIR against Ranveer Singh)

ഗോവയിൽ നടന്ന 55-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ വെച്ചായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയെ പുകഴ്ത്തി സംസാരിക്കുന്നതിനിടെ, ചാമുണ്ഡി ദേവിയെക്കുറിച്ച് നടത്തിയ പരാമർശങ്ങളും സിനിമയിലെ രംഗം അനുകരിച്ചതുമാണ് വിശ്വാസികളെ ചൊടിപ്പിച്ചത്. ഇതിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഭാരതീയ ന്യായ സംഹിതയിലെ 196, 299, 302 എന്നീ വകുപ്പുകൾ പ്രകാരമാണ് രൺവീറിനെതിരെ കേസ് എടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രൺവീർ സിംഗ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശമില്ലായിരുന്നുവെന്നും സോഷ്യൽ മീഡിയയിലൂടെ നേരത്തെ തന്നെ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും നടൻ കോടതിയെ അറിയിച്ചു. നിരുപാധികമായ മാപ്പപേക്ഷയും പശ്ചാത്താപവും രേഖപ്പെടുത്തിയ സത്യവാങ്മൂലം രൺവീർ കോടതിയിൽ സമർപ്പിച്ചു. ഇതിനൊപ്പമാണ് ചാമുണ്ഡി ക്ഷേത്രത്തിൽ നേരിട്ടെത്തി മാപ്പ് ചോദിക്കാമെന്ന ഉറപ്പും നൽകിയത്.

സെലിബ്രിറ്റികൾ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. ഇക്കാര്യം അംഗീകരിച്ച കോടതി, ഇത്തരം വിഷയങ്ങളിലെ ഗൗരവം നടൻ ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് നിരീക്ഷിച്ചു. നടന് ശക്തമായ താക്കീത് നൽകുമെന്നും കോടതി വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.