ന്യൂയോർക്ക്: ഇറാനുമായുള്ള യുദ്ധം കടുക്കുന്നതിനിടെ, തങ്ങളുടെ സൈനിക താവളങ്ങൾ സംരക്ഷിക്കാൻ യുക്രെയ്‌നിൻ്റെ അത്യാധുനിക ഡ്രോൺ വിരുദ്ധ സാങ്കേതികവിദ്യ സ്വീകരിച്ച് അമേരിക്ക (US Ukraine Counter-Drone Tech). സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിലാണ്’സ്കൈ മാപ്പ്’ (Sky Map) എന്ന യുക്രേനിയൻ കമാൻഡ്-ആൻഡ്-കൺട്രോൾ പ്ലാറ്റ്‌ഫോം വിന്യസിച്ചിരിക്കുന്നത്. റഷ്യയുമായുള്ള നാല് വർഷത്തെ യുദ്ധത്തിലൂടെ യുക്രെയ്ൻ വികസിപ്പിച്ചെടുത്ത ഈ സംവിധാനം ഡ്രോണുകളെ കണ്ടെത്താനും തകർക്കാനും ഏറെ ഫലപ്രദമാണെന്നാണ് റിപ്പോർട്ട്.
റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുക്രെയ്ൻ എൻജിനീയർമാർ വികസിപ്പിച്ച സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമാണിത്. റഡാറുകളിൽ നിന്നും സെൻസറുകളിൽ നിന്നുമുള്ള വിവരങ്ങൾ സംയോജിപ്പിച്ച് ശത്രു ഡ്രോണുകളെ (പ്രത്യേകിച്ച് ഇറാൻ്റെ ഷാഹെദ് ഡ്രോണുകൾ) നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താൻ ഇതിന് കഴിയും. ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ പ്രിൻസ് സുൽത്താൻ എയർ ബേസിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. മാർച്ചിൽ നടന്ന ആക്രമണത്തിൽ അമേരിക്കയുടെ ഇ-3 അവാക്സ് (E-3 AWACS) റഡാർ വിമാനവും കെസി-135 ഇന്ധന ടാങ്കറുകളും തകർന്നിരുന്നു. അമേരിക്കൻ വ്യോമ പ്രതിരോധ സംവിധാനങ്ങളിലെ വിടവുകൾ നികത്താനാണ് ഇപ്പോൾ യുക്രേനിയൻ സഹായം തേടുന്നത്.
യുക്രേനിയൻ സൈനിക ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ചകളിൽ സൗദിയിലെ ബേസിലെത്തി അമേരിക്കൻ സൈനികർക്ക് സ്കൈ മാപ്പ് ഉപയോഗിക്കുന്നതിൽ പരിശീലനം നൽകി. ഡ്രോൺ പ്രതിരോധത്തിന് യുക്രെയ്ൻ്റെ സഹായം ആവശ്യമില്ലെന്ന് മാർച്ചിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ താവളങ്ങൾ നിരന്തരം ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ പെൻ്റഗൺ ഈ സാങ്കേതികവിദ്യ സ്വീകരിക്കാൻ നിർബന്ധിതരാവുകയായിരുന്നു. സ്കൈ മാപ്പിനൊപ്പം നോർത്ത്‌റോപ്പ് ഗ്രുമ്മന്റെ ‘FAAD’, ആർടിഎക്സിന്റെ ‘കൊയോട്ട്’ ഇൻ്റർസെപ്റ്ററുകൾ എന്നിവയും അമേരിക്ക വിന്യസിച്ചിട്ടുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിലൂടെ ലോകത്തിന് മുന്നിൽ വന്ന ഡ്രോൺ പോരാട്ടമുറകൾ ഇപ്പോൾ ഇറാൻ-അമേരിക്കൻ യുദ്ധഭൂമിയിലും നിർണ്ണായക മാറ്റങ്ങൾ വരുത്തുകയാണ്.
Summary: The U.S. military has deployed Ukrainian counter-drone technology, specifically the “Sky Map” platform, at Prince Sultan Air Base in Saudi Arabia to defend against Iranian drone and missile attacks. Despite President Trump’s earlier rejection of Ukrainian assistance, the Pentagon has adopted this battle-hardened technology following significant damage to U.S. aircraft, including an E-3 AWACS radar plane. Sky Map, developed by Ukrainian engineers to counter Russian threats, helps detect incoming drones and coordinate counter-attacks, highlighting gaps in traditional U.S. air defense systems.

