ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ, ഏഷ്യൻ സമുദ്രമേഖലയിൽ ഇറാനിയൻ പതാകയുള്ള മൂന്ന് എണ്ണക്കപ്പലുകൾ അമേരിക്കൻ സൈന്യം തടഞ്ഞു ( US Intercepts Iranian Oil Tankers). ഇന്ത്യ, മലേഷ്യ, ശ്രീലങ്ക എന്നിവയുടെ തീരങ്ങൾക്ക് സമീപത്ത് വെച്ചാണ് കപ്പലുകൾ തടഞ്ഞതെന്ന് ഷിപ്പിംഗ്-സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇറാന്റെ കടൽ വഴിയുള്ള വ്യാപാരം തടയുന്നതിന്റെ ഭാഗമായാണ് അമേരിക്കൻ നടപടി.
‘ഡീപ് സീ’, ‘സെവിൻ’, ‘ദൊറീന’ എന്നീ കപ്പലുകളാണ് യുഎസ് നാവികസേന തടഞ്ഞത്. ഇതിൽ ‘ദൊറീന’ രണ്ട് ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയുമായി ഇന്ത്യയുടെ തെക്കൻ തീരത്തിന് സമീപമായിരുന്നു. ‘ഡീപ് സീ’, ‘സെവിൻ’ എന്നീ കപ്പലുകൾ മലേഷ്യൻ തീരത്തിന് സമീപമാണ് അവസാനമായി കാണപ്പെട്ടത്. ഇറാന്റെ തുറമുഖങ്ങളിൽ നിന്ന് പുറപ്പെടുന്നതോ പ്രവേശിക്കുന്നതോ ആയ കപ്പലുകളെ തടയുന്നതിന്റെ ഭാഗമായി ഇതുവരെ 29 കപ്പലുകളെ യുഎസ് സൈന്യം തിരിച്ചയച്ചിട്ടുണ്ട്. ഇതിൽ എണ്ണക്കപ്പലുകളും ചരക്ക് കപ്പലുകളും ഉൾപ്പെടുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണ്. ബുധനാഴ്ച രണ്ട് ചരക്ക് കപ്പലുകൾ ഇറാൻ പിടിച്ചെടുത്തിരുന്നു. ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ പാത അടഞ്ഞത് ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
ഇറാനിയൻ എണ്ണ വാങ്ങുന്നതിനുള്ള ഇളവ് കഴിഞ്ഞ ഞായറാഴ്ച അവസാനിച്ചതിനെത്തുടർന്ന്, ‘ദേര്യ’ എന്ന കപ്പലിന് ഇന്ത്യയിൽ എണ്ണയിറക്കാൻ കഴിഞ്ഞിരുന്നില്ല. ഈ കപ്പലും യുഎസ് നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചിട്ട് രണ്ട് മാസം തികയുകയാണ്. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും സമുദ്രമേഖലയിൽ ഇരുവിഭാഗവും പ്രകോപനം തുടരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
Summary: The U.S. military has intercepted three Iranian-flagged oil tankers—Deep Sea, Sevin, and Dorena—in Asian waters near India, Malaysia, and Sri Lanka. As part of a maritime blockade against Iran, U.S. forces have redirected 29 vessels so far. This escalation comes amidst a global energy crisis caused by the near-standstill of traffic in the Strait of Hormuz. While Iran seized two container ships on Wednesday, the U.S. continues to enforce strict measures to curb Iranian oil trade following the expiration of purchase waivers.

