കോപ്പൻഹേഗൻ: ഡെന്മാർക്കിലെ കോപ്പൻഹേഗന് വടക്ക് രണ്ട് പ്രാദേശിക ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ഹില്ലെറോഡ്, കാഗെറപ്പ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ പാതയിലായിരുന്നു അപകടം (Denmark Train Collision). രണ്ട് ലോക്കൽ ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ഗ്രേറ്റർ കോപ്പൻഹേഗൻ ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അപകടത്തിൽ അഞ്ച് മുതൽ പത്ത് വരെ ആളുകൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
ട്രെയിനുകൾക്കുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും യാത്രക്കാരെയെല്ലാം പുറത്തെത്തിച്ചതായും അധികൃതർ വ്യക്തമാക്കി. പരിക്കേറ്റവർക്ക് സ്ഥലത്ത് തന്നെ പ്രാഥമിക ചികിത്സ നൽകുകയും ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെത്തുടർന്ന് ഈ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കൂട്ടിയിടിയുടെ കാരണം കണ്ടെത്താൻ ഡാനിഷ് പോലീസ് അന്വേഷണം ആരംഭിച്ചു. വൻതോതിലുള്ള രക്ഷാസേനയെ അപകടസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Summary: Two local trains collided head-on north of Copenhagen, Denmark, on Thursday, injuring between five and 10 people. The accident occurred on the line linking Hillerod and Kagerup. Emergency services confirmed that all passengers have been evacuated from the trains and large-scale rescue operations are underway. No one is reported to be trapped, and police have launched an investigation into the cause of the collision.

