ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ സുപ്രധാന ഡാറ്റാ കേബിളുകൾ തകരാറിലാകാൻ സാധ്യതയുണ്ടെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. (IRGC-linked media hints at threat to Persian Gulf undersea internet cables)
അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾക്കിടയിൽ കേബിളുകൾക്ക് മനഃപൂർവമോ ആകസ്മികമായോ കേടുപാടുകൾ സംഭവിക്കാമെന്നും ഇത് പേർഷ്യൻ ഗൾഫിലുടനീളം വലിയ ആശയവിനിമയ തടസ്സങ്ങൾ ഉണ്ടാക്കുമെന്നും ഇറാൻ വ്യക്തമാക്കുന്നു. ആഗോള ആശയവിനിമയ ശൃംഖലയുടെ ‘നട്ടെല്ല്’ എന്നാണ് ഹോർമുസ് കടലിടുക്കിലെ ഈ ഫൈബർ-ഒപ്റ്റിക് കേബിളുകൾ അറിയപ്പെടുന്നത്.
ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര ഇന്റർനെറ്റ് ട്രാഫിക്കിന്റെ 17% മുതൽ 30% വരെ ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. ആഗോള ടെക് കമ്പനികളുടെ യുഎഇയിലെയും സൗദിയിലെയും ഡാറ്റാ ഹബ്ബുകൾ ഈ കേബിളുകളെയാണ് ആശ്രയിക്കുന്നത്. അന്താരാഷ്ട്ര ബാങ്കിംഗ് ഇടപാടുകൾ, ക്ലൗഡ് സേവനങ്ങൾ, ഇമെയിൽ വിനിമയം എന്നിവയുടെ പ്രധാന സിരയാണിത്.
ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ ഉപഭോക്താക്കളിൽ ഒന്നായ ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ഈ കേബിളുകളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. കേബിളുകൾക്ക് തകരാർ സംഭവിച്ചാൽ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് വേഗത കുറയുന്നതിനും ക്ലൗഡ് സേവനങ്ങളിൽ തടസ്സമുണ്ടാകുന്നതിനും കാരണമാകും. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളെയും ഐടി, എഐ (AI) മേഖലകളെയും ഇത് ഗുരുതരമായി ബാധിക്കാനിടയുണ്ട്.

